സി രവീന്ദ്രൻ സ്മാരക പുരസ്‌കാരം എം കെ ബീരാന്

Kozhikode

കോഴിക്കോട്: കോൺഗ്രസ്‌ നേതാവും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന നേതാവും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയും ആക്റ്റീവ് കോഴിക്കോട് പ്രഥമ പ്രസിഡണ്ടുമായിരുന്ന സി രവീന്ദ്രന്റെ സ്മരണാർത്ഥം ആക്റ്റീവ് കോഴിക്കോട് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ ട്രേഡ് യൂണിയൻ സർവീസ് സംഘടനാ നേതാവ് എം കെ ബീരാൻ ( കോഴിക്കോട് ) അർഹനായി.

വിവിധ ട്രേഡ് യൂണിയൻ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ അര നൂറ്റാണ്ട് കാലത്തെ നിസ്വാർത്ഥ സേവനത്തിനാണ് പുരസ്‌കാരം നൽകുന്നത്. ശില്പവും 10001രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ആക്റ്റീവ് പ്രസിഡണ്ട്‌ എ കെ മുഹമ്മദലി, ജനറൽ സെക്രട്ടറി പി ഐ അജയൻ, ട്രഷറർ എം ടി ബിജിത്ത്, മുൻ പ്രസിഡണ്ട്‌മാരായ എം പി രാമകൃഷ്ണൻ, കെ പദ്മകുമാർ എന്നിവർ അടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

സി രവീന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനമായ ജൂലായ്‌ 13 ന് വൈകുന്നേരം 4.30 ന് കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ ആക്റ്റീവ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ കെ.പി.സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുരസ്‌കാരം സമർപ്പിക്കുന്നതാണ്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.