എടവണ്ണ: വിദ്യാഭ്യാസ രംഗത്ത് പ്രകാശ ഗോപുരമായി പ്രവർത്തിക്കുന്ന ജാമിഅഃ നദ്‌വിയ്യഃ ശരീഅഃ കോളേജ് പൂർവവിദ്യാർത്ഥികളുടെ മഹാസംഗമം “അജ്നാസ് ഗ്ലോബൽ അലംനൈ മീറ്റ്’ ജൂലൈ 13ന് രാവിലെ 9 മണിക്ക് എടവണ്ണ ജാമിഅഃ നദ്‌വിയ്യഃയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1964-ൽ സ്ഥാപിതമായ ജാമിഅഃ നദ്‌വിയ്യഃയിൽ വിവിധ കാലങ്ങളിൽ പഠനം നടത്തുകയും ഇന്ന് നിലവിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആയിരത്തിലധികം പൂർവവിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തെ പിറകോട്ട് വലിച്ചിരുന്ന കാലഘട്ടത്തിൽ ഏതാനും പണ്ഡിതന്മാരുടെയും പരിഷ്കർത്താക്കളുടെയും നിസ്വാർത്ഥമായ ശ്രമഫലമായാണ് കേരള നദ് വത്തുൽ മുജാഹിദീൻ ജാമിഅഃ നദ്‌വിയ്യ എടവണ്ണയിൽ സ്ഥാപിക്കു ന്നത്. പ്രശസ്തരായ നിരവധി പ്രഭാഷകരെയും എഴുത്തുകാരെയും അക്കാദമിക വിദഗ്ധരെയും സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും ജാമിഅഃക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പൂർവവിദ്യാർത്ഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജാമിഅഃയിൽ നടന്നുകൊണ്ടിരിക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ ബഹു: ഇ. ടി മുഹമ്മദ് ബഷീർ എം. പി വിശിഷ്ടാഥിതിയാവും. കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. അജ്നാസ് പ്രസിഡന്റ് പി. മൂസ സ്വലാഹി അധ്യക്ഷത വഹിക്കും. ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി പ്രൊജക്റ്റ് അവതരണം നടത്തും. ജാമിഅഃ നദ്‌വിയ്യഃ മാനേജിങ് ട്രസ്‌റ്റി നൂർ മുഹമ്മദ് നൂർഷ, ശരീഅഃ കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദലി അൻസാരി, വിമൻസ് അറബിക് കോളേജ് പ്രിൻസിപ്പാൾ അബ്ദുറഹിമാൻ ഫാറൂഖി, എൻ. അബ്ദുല്ല സ്വലാഹി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് അവയവദാനം: ഇസ്‌ലാമും ആധുനിക വൈദ്യശാസ്ത്രവും തമ്മിലെന്ത്? എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്‌കഷനിൽ പ്രമുഖർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ മുഹമ്മദലി അൻസാരി (പ്രിൻസിപ്പൽ, ജാമിഅഃ നദ്‌വിയ്യഃ അറബിക് കോളേജ്), അബൂബക്കർ സ്വലാഹി (സെക്രട്ടറി അജ്നാസ് അലംനൈ അസോസിയേഷൻ) , ആരിഫ് സെയ്‌ൻ (വൈസ് പ്രസിഡന്റ്, അജ്നാസ് അലംനൈ അസോസിയേഷൻ), ഷുക്കൂർ സ്വലാഹി (സെക്രട്ടറി, അജ്നാസ് അലംനൈ അസോസിയേഷൻ), നവാസ് ഒറ്റപ്പാലം (മെമ്പർ,അജ്നാസ് അലംനൈ അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.