ധനവർത്തമാനം / ഡോ: ജോസ് സെബാസ്റ്റ്യൻ
“ഉപഭോക്താവ് ആണ് നമ്മുടെ സംരംഭത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സന്ദർശകൻ. അയാൾ നമ്മുടെ ആശ്രിതനല്ല ;മറിച്ച് നമ്മൾ അയാളെയാണ് ആശ്രയിക്കുന്നത്. അയാൾ നമ്മുടെ പ്രവർത്തനത്തിന് തടസ്സമല്ല. മറിച്ച് അതിന്റെ ലക്ഷ്യം തന്നെയാണ്. നമ്മുടെ സംരംഭത്തിന് അയാൾ അന്യനല്ല. മറിച്ച് അതിന്റെ ഭാഗംതന്നെയാണ്. അയാളെ സേവിക്കുകവഴി നമ്മൾ ഒത്താശയൊന്നും ചെയ്യുകയല്ല. സേവനത്തിനുള്ള ഒരു അവസരം ഒരുക്കുകവഴി നമുക്ക് അയാളാണ് ഒത്താശ ചെയ്യുന്നത്. ഉപഭോക്താവ് വാഗ്വാദത്തിൽ ഏർപ്പെടാവുന്ന ആളല്ല. ഒരു ഉപഭോക്താവിനോട് ആരും ഒരിക്കലും തർക്കിച്ചു ജയിച്ചിട്ടില്ല “
മഹാത്‍മാഗാന്ധി
ഗുജറാത്തിലെ ഒരു ബനിയ കുടുംബത്തിൽ ജനിച്ച ഗാന്ധിജി ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മൂന്നര വർഷം അഹമ്മദാബാദിൽ ജീവിച്ച എനിക്ക് ഇത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ഒരു കടയിൽനിന്ന് ഒരു പാക്കറ്റ് ഈത്തപ്പഴം വാങ്ങി കുറെ തിന്നു കേട് ആണെന്ന് കണ്ടാൽ തിരികെ കൊടുക്കാം. ബാക്കിയുടെ പണം തിരികെ തരും. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പാത്രത്തിൽ ചൂട് വെള്ളവും ചെറുനാരങ്ങാ കഷണവും തരും. കൈ നനക്കാൻ. സ്വന്തം സംരംഭത്തിൽനിന്ന് പിരിഞ്ഞുപോയി എതിരാളിയുടെ സംരംഭത്തിൽ ജോലിക്ക് ചേരാനായി പോകുന്ന തൊഴിലാളിയോട് ഇപ്പോൾ വേണമെങ്കിലും തിരികെ വരാം എന്ന് പറയും ഗുജറാത്തി ബിസിനെസ്സ്കാർ. ഒരു കാലുഷ്യവുമില്ല.
വർഗ്ഗസമര കാളകൂടവിഷത്തിന്റെ അപഹാരം നിമിത്തം മലയാളികൾക്ക് നഷ്ടപ്പെട്ടതാണ് ഉപഭോകതൃ പരിചരണ സംസ്കാരം. ഉപഭോക്താവാവ് ചൂഷകൻ ആണെന്ന് ബിസിനസ് കാരൻ മുതലാളി കരുതുന്നു. കുത്തക മുതലാളി ചൂഷകൻ ഉപഭോക്താവിന്റെ ഒന്നാമത്തെ ശത്രു. ഇന്നിപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റു നേതാക്കൾ മിക്കവാറും ബിസിനസ് കാർ ആയി മാറിയിട്ടുള്ളതുകൊണ്ട് അവരുടെ സമീപനത്തിൽ മാറ്റമുണ്ട്. പക്ഷെ അണികൾ മാറിയിട്ടില്ല. ചെറുകിട കടകൾ മുതൽ ഇടത്തരം ഹോട്ടലുകൾ വരെ പൂട്ടുന്നതിൽ ഈ കാര്യത്തിന് പങ്കുണ്ട്.
അഹ്‌മദാബാഡിലെ Entrepreneurship Development Institute of India യിൽ നിന്നു രാജിവച്ചു കേരളത്തിൽ ജോലിക്ക് കയറിയ കാലം. Power cut സമയത്ത് കടയിൽനിന്ന് വാങ്ങിയ തേങ്ങ കേട്. ഉടച്ച തേങ്ങ രണ്ട് മുറിയും ആയി കടയിൽ ചെന്നു. കടക്കാരൻ പറയുകയാ ” ഞാൻ വാങ്ങിയപ്പോഴും power cut ആയിരുന്നു” എന്ന്. അവനെ ബഹിഷ്കരിക്കുന്നു എന്ന് പറഞ്ഞു വഴക്കടിച്ചു ഇറങ്ങി.
മറ്റൊരു അനുഭവം ഹോട്ടലിൽ ആണ്. ഊണ് കഴിഞ്ഞു ഇല എടുത്തു ഇടണം എന്ന്. തർക്കം ആയി. വേറെ ഹോട്ടലിൽ വേറെ രീതി. ഇവിടെ ഊണ് കഴിക്കുന്നവർ ഇല എടുക്കണം. ഇല എടുത്തു ഷട്ടിൽ ചാറു വീണു അയാളെ പ്രാകി ഇറങ്ങി. “മേലാൽ തന്റെ കടയിൽ കേറൂല്ലാ”. ഓ, ആയ്ക്കോട്ടെ എന്ന് അയാൾ.
ഇയ്യിടെ കരമന ഇറക്കത്തിലെ പെട്രോൾ പമ്പിൽ പെട്രോളും അടിച്ചു 5 കിലോ ഗ്യാസ് സിലിണ്ടർ മാറ്റി വാങ്ങാൻ പോയി. പെട്രോൾ അടിച്ചു. അവിടെ നിന്ന എന്റെ മകളെക്കാളും ഇളയ പെൺകുട്ടിയോട് ഡിക്കി തുറന്നു ഒഴിഞ്ഞ ഗ്യാസ് കുറ്റി എടുത്തു നിറഞ്ഞ കുറ്റി എടുത്തുവെക്കാൻ പറഞ്ഞു. അവൾ പറയുകയാണ്. “അത് നിങ്ങൾ ചെയ്യണം “എന്ന്. ഞാൻ അല്പം അശ്ലീലം ആയ ചോദ്യം ചോദിച്ചു,” നെയ്യ് സേവിച്ചു ഇരിക്കുകയാണോ? ” ക്യാബിനിലെ മാനേജരോട് പരാതിപ്പെട്ടു. “66 വയസ്സുള്ള സീനിയർ സിറ്റിസൺ ആണ്, പ്ലീസ്”. “ഇവിടത്തെ രീതി ഇതാണ്. ജോലിക്കാരോട് പറഞ്ഞു നോക്ക്. ഞാൻ പറഞ്ഞാൽ കേൾക്കുകയില്ല”. ” ബംഗാളികളെ വെക്ക്” എന്ന് ആ കൊച്ച് കേൾക്കാൻ ആയി പറഞ്ഞു.തർക്കിച്ചു അവസാനം കയ്യിലും ഷർട്ടിലും പൊടിയും കരിയും വീണു എടുത്തുവെച്ചു.”മേലാൽ തന്റെ @#$*&% നിന്നു പെട്രോൾ അടിക്കുക ഇല്ലെന്ന്” പറഞ്ഞു പോന്നു. ഇപ്പോൾ ചെറുപ്പക്കാർ ഉള്ള ഒരു പെട്രോൾ പമ്പിൽനിന്ന് പെട്രോൾ അടിച്ചു ഗ്യാസും നിറച്ചു പോരുന്നു. “എന്തുസുഖം ഗോപാല പിള്ളേ “എന്ന് സ്വയം പറഞ്ഞു.
ഇന്നിപ്പോൾ ബംഗാളികളോട് കേരളത്തിലെ കൂതറ തൊഴിലാളി വർഗത്തെ കണ്ടുപഠി ക്കാൻ ഉപദേശിക്കുന്ന കമ്മ്യൂണിസ്റ്റ് ബിസിനെസ്സ്കാരുണ്ട്. അവർ ബിസിനസ്‌കാർ ഒന്നുമല്ല. വേറെ പരിപാടികൾ ആണ് അവരുടെ ലാഭം. അവർക്ക് ബിസിനസ് ഒരു മറ മാത്രം.
കാലം മാറി. ഉപഭോക്താവിന് പല മാർഗങ്ങൾ ഉണ്ട് സാധനമൊ സേവനമോ കയ്യിൽ എത്താൻ. ഇത് തിരിച്ചറിയുന്ന സംരംഭകൻ വിജയിക്കും. അല്ലാത്തവൻ കുത്തുപാള എടുക്കും. അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേരും.