പി എം എ സലാമിനെതിരെയുള്ള സമസ്ത പ്രതിഷേധം അപലപനീയം: മുജാഹിദ് നേതാക്കൾ

Kozhikode

കോഴിക്കോട്: എറണാകുളത്ത് വെച്ച് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകരുടെ യോഗത്തിൽ ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പരാമർശത്തിനെതിരെ ലീഗ് നേതൃത്വത്തിന് കത്തെഴുതിയ സുന്നി യുവജന സംഘത്തിന്റെ നടപടി അപലപനീയമാണെന്ന് മുജാഹിദ് നേതാക്കൾ. നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരെ എന്തിനാണ് ഇടയാളന്മാർ എന്നതായിരുന്നു പി എം എ സലാമിന്റെ ചോദ്യം.

സംഘടനാ വിഷയത്തിൽ ഒരു നേതാവിനെയാണ് അംഗീകരിക്കേണ്ടത് എന്ന് ബോധ്യപ്പെടുത്താൻ നടത്തിയ പരാമർശത്തെ മതപരമായ പശ്ചാത്തലത്തിൽ മനസ്സിലാക്കിയാണ് എസ് വൈ എസ് ലീഗ് നേതൃത്വത്തിന് കത്ത് എഴുതിയത്. ഈ പരാമർശം സുന്നി കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു കത്തിൽ സൂചിപ്പിച്ചത്.

എന്നാൽ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന ആശയമാണ് പി എം എ സലാം പറഞ്ഞതെന്നും അതിൽ പ്രതിഷേധിക്കുന്നത് സമസ്തയുടെ ആശയ പാപ്പരത്തമാണ് ബോധ്യപ്പെടുത്തുന്നതെന്നും മുജാഹിദ് നേതാക്കൾ വ്യക്തമാക്കി. കെ എൻ എമ്മിന് കീഴിലുള്ള കേരളത്തിലെ വിവിധ പള്ളികളിൽ ഇന്നലെ വെള്ളിയാഴ്ച പ്രസംഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഈ വിഷയത്തിന്റെ മതപരമായ വശം വിശദീകരിച്ചുകൊണ്ട് കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടിയും, ഐ എസ്‌ എം സംസ്ഥാന കമ്മിറ്റിയുടേതുമടക്കം നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമസ്തയാണ് മുസ്ലിം ലീഗ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ താക്കീത് കൂടിയാണ് ഈ സംസാരങ്ങളിൽ ഉള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒളിഞ്ഞും തെളിഞ്ഞും ലീഗിനെ മുൾമുനയിൽ നിർത്താൻ ശ്രമിച്ചവർ വീണ്ടും സമ്മർദ്ദ തന്ത്രത്തിന് ഇറങ്ങി സ്വയം പരിഹാസ്യരാവുകയാണെന്ന് മുജാഹിദ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.