ജപ്തി വിരുദ്ധ കൺവെൻഷൻ ഇന്ന് ആറ്റിങ്ങലിൽ

Thiruvananthapuram

തിരുവനന്തപുരം: കടക്കെണിയിലായ കുടുംബങ്ങളുടെ ജപ്തി തടയുവാനെന്ന പേരിൽ ജൂലൈ 8-ന് കേരള നിയമസഭ പാസ്സാക്കിയ റവന്യൂ റിക്കവറി നിയമത്തിലെ “നികുതി വസൂലാക്കൽ നിയമ ഭേദഗതി” ജപ്തി ഒഴിവാക്കില്ലെന്നു മാത്രമല്ല ജപ്തി ഉറപ്പാക്കി കൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ്
കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കാൻ നിയമം കൊണ്ടുവരുവാനും,
ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ പ്രത്യേകിച്ച് ദലിത്, ആദിവാസി, കർഷക വിഭാഗങ്ങളുടെ കടങ്ങളും തിരിച്ചടവ് മുടങ്ങിയ വിദ്യാഭ്യാസ കടങ്ങളും എഴുതി തള്ളുവാനും, കേരളത്തിലെ വീട്ടമ്മമാരെ കടക്കെണിയിലാക്കി ബ്ലേഡ് കമ്പനികളെ പോലെ
കൊള്ളപ്പലിശ ഈടാക്കി ജീവിതം തന്നെ തകർക്കുന്ന മൈക്രോ ഫൈനാൻസ് ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനും , ജനവിരുദ്ധ സർഫാസി നിയമം റദ്ദാക്കുന്ന നിലപാടു കൈക്കൊണ്ട് കേരളത്തിൽ അതിന്റെ പ്രഹര ശേഷി കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും സർക്കാർ തയ്യാറാകണമെന്ന ആവശ്യമാണ് കൺവെൻഷനിലൂടെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഉന്നയിക്കുന്നത്.

ജൂലൈ 21-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ മുൻകൈയിൽ ആറ്റിങ്ങൽ മുനിസിപ്പൽ ഹാളിൽ വച്ച് നടത്തുന്ന ജപ്തി വിരുദ്ധ കൺവെൻഷൻ സംസ്ഥാന ജനറൽ കൺവീനർ സ. വി.സി.ജെന്നി ഉത്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ജെ. രഘു മുഖ്യ പ്രഭാഷണം നടത്തും.

1990 മുതൽ ബാങ്കുകൾക്ക് വേണ്ടി ചുട്ടെടുക്കുന്ന അമിത അധികാര നിയമങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടിക്കുകയും, കിട്ടാക്കടം വരുത്തുന്ന അതിസമ്പന്നരായ കോർപ്പറേറ്റ് മുതലാളിമാരുടെ കടങ്ങൾ എഴുതി തള്ളുകയും ചെയ്തുകൊണ്ടിരിക്കയാണ്.
ഇതിനെതിരെ കരുത്താർജിച്ചു വരുന്ന ജനകീയ ചെറുത്തുനില്പുകളെ അഭിസംബോധന ചെയ്യാതെ അതിനെ നിർവ്വീര്യമാക്കാനുള്ള നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുക.

ആഗസ്റ്റ് ആദ്യവാരം മുതൽ ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാനാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി/പട്ടികവർഗ്ഗ വികസന ജില്ലാ ആഫീസുകൾക്കു മുന്നിലേക്ക് മാർച്ച് നടത്തി കുത്തിയിരിപ്പ് സമരം നടത്തും.

ജൂലൈ 8-ൽ പാസാക്കിയ പുതിയ നിയമം ചതിക്കുഴി യാണെന്ന് തുറന്നു കാണിക്കുന്നതിനും കിടപ്പാടം ജപ്തി ചെയ്യാതിരിക്കാൻ നിയമം കൊണ്ടുവരുന്നതിനും സംസ്ഥാന തലത്തിൽ പ്രചരണ പ്രക്ഷോഭ ജാഥ ജില്ലാകൺവെൻഷനുകൾക്കു ശേഷം സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സ്നാനം നിലപാടുകൾ ഉയർത്തുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കൊണ്ട് നടത്തും.