വിദ്യാഭ്യാസം വില കൊടുത്ത് വാങ്ങിയാലേ മൂല്യമുള്ളത് ലഭിക്കു എന്ന മിഥ്യാധാരണയിലാണ് മലയാളി: അച്യുത് ശങ്കർ

Thiruvananthapuram

നെയ്യാറ്റിൻകര: ജീവിതം അമേരിക്കയിലും യൂറോപ്പിലും മാത്രമേ സാധ്യമാകൂവെന്ന ചിന്ത സാംക്രമിക രോഗം പോലെ മലയാളിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുക യാണെന്ന് ഡോ. അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു.

ഓരോ വിദ്യാർത്ഥിയും ഇരുപത്തിയഞ്ച് ലക്ഷ ത്തിലധികം രൂപയാണ് വിദേശത്തേക്ക് പോകുവാൻ കടമെടുത്ത് ചെലവഴിക്കുന്നത്. മനുഷ്യന് മനസമാധാന ത്തോടെ ജീവിക്കാൻ കഴിയാത്ത സ്ഥലമായി കേരളം മാറിയോയെന്നും നാം പരിശോധിക്കണം. വിദ്യാഭ്യാസം വില കൊടുത്ത് വാങ്ങിയാലേ മൂല്യമുള്ളത് ലഭിക്കു എന്ന മിഥ്യാധാരണയാണ് മലയാളിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.തലയൽ പ്രകാശ് രചിച്ച “നെയ്യാർ വിലപിക്കുന്നു” എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം നെയ്യാറ്റിൻകരയിലെ ഗ്രാമം ആറാട്ട് കടവിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. സ്വദേശാഭിമാനി ബുക്ക്സ് പ്രസിദ്ധീകരിച്ച
പുസ്തകം നഗരപിതാവ് പി.കെ.രാജമോഹനന് നൽകി അച്യുത് ശങ്കർ പ്രകാശനം ചെയ്തു.

പുഴയോരത്തൊരു പുസ്തകപ്പിറവി എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ നവീകരിച്ച ആറാട്ടുകടവിലെ ആദ്യ പുസ്തക പ്രകാശനമായിരുന്നു. കൂറ്റൻ ആൽമരവും കൽവിളക്കും പടിക്കെട്ടും അരികിലൂടൊഴുകുന്ന പുഴയും പരിപാടിക്ക് നവ്യാനുഭൂതി പകർന്നു. പ്രകാശനത്തിന് തൊട്ട് മുന്നെ നദിയിലും കൽപ്പടവുകളിലുമായി മൺചെരാതുകളിൽ ദീപം തെളിച്ചു. വേദിയും സദസ്സും പ്രകാശന വേളയിൽ ഒന്നായിമാറി.
പുസ്തക രചയിതാവ് തലയൽ പ്രകാശ്, പ്രസാധകൻ വിനോദ് സെൻ, ഡോ.ബെറ്റിമോൾ മാത്യു, ഡോ.സി.വി സുരേഷ്, ഉമ തൃദീപ്, ഗ്രാമം പ്രവീൺ, ആർ വി.അജയഘോഷ്, ഷിബു ആറാലുമ്മൂട്, രാജീവ് ആദികേശവ്, ഹരിചാരുത, ഐ.ശ്രീകല തുടങ്ങിയവർ സംസാരിച്ചു.