തിരുവനന്തപുരം: ഐ ടി ജീവനക്കാരുടെ കുട്ടികള്‍ക്കായി ടെക്കികളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച അവധിക്കാല പരിപാടി ‘കളിമുറ്റം 2024’ സമാപിച്ചു. കുട്ടികളുടെ സാഹിത്യാഭിരുചി, സര്‍ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച അവധിക്കാല പരിപാടി പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത്.
ടെക്നോപാര്‍ക്ക് ക്ലബ്ബില്‍ ഐ ടി ജീവനക്കാരനായ പ്രീതിന്‍റെ ‘മാജിക് ഓഫ് സൈലെന്‍സ്’ എന്ന പരിപാടിയോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. പ്രശാന്ത് വെമ്പായം അവതരിപ്പിച്ച ഒറിഗാമി സെഷന്‍ കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കളിമുറ്റം 2024 ന്‍റെ ഭാഗമായി നഴ്സറി പാട്ടുകളുടെ ആലാപനം, കഥ പറച്ചില്‍, പെയിന്‍റിംഗ്, കളറിങ്ങ്, ചിത്രരചന ,പദ്യപാരായണം എന്നീ ഇനങ്ങളില്‍ മത്സരവും സംഘടിപ്പിച്ചു. പ്രീ സ്കൂള്‍, ലോവര്‍ പ്രൈമറി & അപ്പര്‍ പ്രൈമറി എന്നിങ്ങനെ മൂന്നു തലങ്ങളില്‍ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായിരുന്നു മത്സരം.
ബട്ടര്‍ ഫിംഗേഴ്സ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ കുട്ടികളുടെ മനസില്‍ ഇടം നേടിയ ഇംഗ്ലീഷ് സാഹിത്യകാരി ഹയറുന്നീസ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കളിമുറ്റം 2024 ന്‍റെ കണ്‍വീനറായ അഞ്ചു ഡേവിഡ് അധ്യക്ഷയായ ചടങ്ങില്‍ സാഹിത്യക്ലബ്ബ് കണ്‍വീനര്‍ നെസിന്‍ ശ്രീകുമാര്‍, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം അനില്‍ദാസ്, കളിമുറ്റം 2024 ജോയിന്‍റ് കണ്‍വീനര്‍ സുജിത സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.