ബദൽ സ്കൂളുകളുടെ മറവിൽ മദ്രസ്സകളെ വേട്ടയാടാൻ അനുവദിക്കില്ല: മദ്രസ്സാ ബോർഡ് കോർഡിനേഷൻ

Kozhikode

കോഴിക്കോട്: 2009 ലെ നിർബന്ധ വിദ്യാഭ്യാസ നിയമം (ആർ ടി ഇ ആക്ട്) വകുപ്പ് 6 പ്രകാരമുള്ള നിബന്ധനകൾ പൂർത്തീകരിക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ ബാധ്യതയിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സംവിധാനിച്ചിട്ടുള്ള ബദൽ സ്കൂളുകളുടെ മറവിൽ മദ്രസ്സകൾക്കെതിരെ ദേശീയ ബാലവകാശ കമ്മീഷൻ നടത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് മദ്രസ്സാ ബോർഡ് കോർഡിനേഷൻ അറിയിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 8 മദ്രസ്സാ വിദ്യാഭ്യാസ ബോർഡുകളുടെ കൂട്ടായ്മയാണ് “കോർഡിനേഷൻ ഫോർ മദ്രസ്സാ എഡ്യുക്കേഷൻ ബോർഡ്‌സ്” . കേരള മദ്രസ്സാദ്ധ്യാപകഷേമനിധി ബോർഡിൻന്റെ ആഭിമുഖ്യത്തിലാണ് കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായി കാരാട്ട് റസാഖ് എക്സ്. എം.എൽ.എ, വർക്കിങ് ചെയർമാൻ ഉമ്മർ ഫൈസി മുക്കം ജനറൽ സെക്രട്ടറി ഇ. യാകുബ് ഫൈസി അടങ്ങിയ ഭാരവാഹികൾ ഉൾകൊള്ളുന്ന 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

കോഴിക്കോട് കാലിക്കറ്റ് ടവർ ഹോട്ടലിൽ ചേർന്ന സമിതി യോഗത്തിൽ കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു.
ആർ.ടി.ഇ ആക്ട് വകുപ്പ് 2 (n ) പ്രകാരമുള്ള സ്കൂളുകളുടെ അഭാവമാണ് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ മറ്റ് മതസ്ഥരായ വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തിന് മദ്രസ്സകളിൽ സംസ്ഥാന സർക്കാറുകൾ സംവിധാനിച്ച ബദൽ സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത്.

മദ്രസ സംവിധാനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കലുകൾ മുൻ നിർത്തി പൊതു സമൂഹത്തിന് മുമ്പാകെ വിശദീകരണം നടത്താൻ നവംബർ 2 ന് ശനിയാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ കൺ വെൻഷൻ സംഘടിപ്പിക്കും. ബഹു. ന്യൂനപക്ഷക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വിവിധ മത രാഷ്ട്രീയ നേതാക്കൾ കൺവെൻഷനിൽ സംബന്ധിക്കും : തദ് വിഷയവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ചെയർമാനും, ബന്ധപ്പെട്ടവർക്കും മെമ്മൊറാണ്ടം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ് എക്സ്. എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ ഇ. യാകുബ് ഫൈസി, പി കെ മുഹമ്മദ് ഹാജി. സിദ്ദീഖ് മൗലവി അയിലക്കാട്, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ, ഒ പി ഐ കോയ, ഹാരിസ് ബാഫഖി തങ്ങൾ . വിവിധ മത വിദ്യാഭ്യാസ ബോർഡുകളിൽ നിന്നും അനീസുദീൻ സി എച്ച്, ഡോ.വി അബ്ദുൽ ജലീൽ, നൗഷാദ് പി കെ ( മജ്ലിസ് എഡ്യുക്കേഷൻ ബോർഡ്) സുലൈമാൻ സഖാഫി, പ്രൊഫസർ എ കെ അബ്ദുൽ ഹമീദ് (സുന്നി വിദ്യാഭ്യാസ ബോർഡ്) അബ്ദുൽ വഹാബ് നന്മണ്ട ( മർകസുദ്ദഅവ ) ഡോക്ടർ എൻ. എ എം അബ്ദുൽ ഖാദർ, അഡ്വക്കേറ്റ് മുഹമ്മദ് ത്വയ്യിബ് ഹുദാവി (സമമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്), കേരളമദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് സി ഇ ഒ പി എം ഹമീദ് സംസാരിച്ചു.