മ്യൂച്ച്വൽ ഫണ്ട് തകരുമോ ? മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വർധിക്കുന്നതിൽ റിസർവ് ബാങ്കിന് ആശങ്ക: ആർ ബി ഐ ഗവർണർ

India

ന്യൂഡൽഹി: ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് അകലുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. ബാങ്കുകളിലെ സേവിങ് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് നിക്ഷേപകര്‍ അകലുന്നത് രാജ്യത്ത് ലിക്വിഡിറ്റി പ്രശ്നങ്ങളുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക.

അടുത്തകാലത്തായി മ്യൂച്വല്‍ ഫണ്ടുകളിലേക്കും മറ്റ് സാമ്പത്തിക ഉത്പന്നങ്ങളിലേക്കുമാണ് നിക്ഷേപങ്ങള്‍ പോകുന്നത്. മുന്‍കാലങ്ങളില്‍ കുടുംബങ്ങളും വ്യക്തികളും അവരുടെ നിക്ഷേപങ്ങള്‍ ബാങ്കുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഓഹരി വിപണിയുടെ വളര്‍ച്ചയും നിക്ഷേപിക്കാനുള്ള എളുപ്പവും ധാരാളം ആളുകളെ സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കും ആകര്‍ഷിക്കുന്നുണ്ട്.

ബാങ്കുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പ്രതിസന്ധിക്ക് ഇടയാക്കും. നിലവില്‍ ബാങ്കുകള്‍ ഹ്രസ്വകാല വായ്പകളിലൂടെയും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളിലൂടെയും മറ്റുമാണ് വായ്പാ-നിക്ഷേപ അനുപാതം ക്രമീകരിക്കുന്നത്.

ഇത് പലിശ നിരക്കിലെ ചലനങ്ങള്‍ക്കനുസരിച്ച് മാറുകയും ലിക്വിഡിറ്റി വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ കറന്‍റ് സേവിങ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങളില്‍ നിന്നുള്ള മാറ്റത്തെക്കുറിച്ചും ബാങ്കുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.