അറബി ഭാഷയുടെ സാദ്ധ്യതകൾ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ല: ഡോ. ഹുസൈൻ മടവൂർ

Thiruvananthapuram

തിരുവനന്തപുരം: അറബിഭാഷയുടെ അനന്ത സാദ്ധ്യതകൾ നമ്മുടെ സർക്കാറുകളും സർവ്വകലാശാലകളും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലന് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാദമിക് കമ്മിറ്റി ( പി ജി ) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

സൗദിയിലെ കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാ ഗ്വേജ് കേരള സർവ്വകലാശാലാ അറബി ഭാഷാ വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പഞ്ചദിന അറബിഭാഷാ വർക്ക് ഷോപ്പിൻ്റെയും പരിശീലന പരിപാടികളുടെയും ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.

അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിൽ സഹസ്രാബ്ധങ്ങൾ പഴക്കമുള്ള സാംസ്കാരികവും വാണിജ്യപരവുമായ ബന്ധമുണ്ട്. പ്രവാസി ഇന്ത്യക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ഗൾഫ് രാജ്യങ്ങളിലാണുള്ളത്. അത് കൊണ്ട് തന്നെ അറബി ഭാഷ ഇന്ത്യയിൽ പ്രചരിക്കുകയും സ്ഥാനം നേടുകയും ചെയ്തു. പ്രധാന യൂണിവേഴ്സിറ്റികളിലും കോളെജുകളിലുമായി ആയിരക്കണക്കിന്ന് കുട്ടികൾ അറബി പഠിക്കുന്നുണ്ട്. എന്നാൽ അറബി ഭാഷയുടെ പുതിയ ജോലി സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആവശ്യമായ ന്യൂ ജെൻ അറബിക് കോഴുകൾ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനം കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഡക്ടർ ഡോ ഉമാമ മുഹമ്മദ് ശിൻഖീത്വി ( സൗദി അറേബ്യ ) ഉദ്ഘാടനം ചെയ്തു. അറബി ഭാഷാ പ്രചാരണത്തിന്നായി കേന്ദ്ര കേരളാ സർക്കാറുകൾ കാണിക്കുന്ന താൽപര്യം നന്ദിയോടെ സ്മരിക്കുന്നതായി അവർ പറഞ്ഞു. യൂണിവേഴ്സിറ്റി റജിസ്ത്രാർ ഡോ. അനിൽ കുമാർ അദ്ധ്യക്ഷനായി.
സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. രാധാമണി, മുരളീധരൻ, ഡോ. ജയപ്രകാശ് ,ഡോ. ഷൈജു ഖാൻ, ഡോ. എസ്. നസീബ് , അറബിഭാഷാവിഭാഗം തലവൻ ഡോ. നൗഷാദ് , ഡോ. നിസാുദ്ദീൻ, ഡോ. ഇ. സുഹൈൽ എന്നിവർ സംസാരിച്ചു. നൂറോളം അറബി ഭാഷാ അദ്ധ്യാപകരും പി.ജി. വിദ്യാർത്ഥികളുമാണ് അഞ്ചു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. റിയാദിൽ നിന്നും മദീനയിൽ നിന്നുമുള്ള വിദഗ്‌ധ അധ്യാപകരാണ് ക്ലാസെടുക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും കിങ് സൽമാൻ അക്കാദമി അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.