അഷറഫ് ചേരാപുരം
ദുബൈ: പ്രവാസി വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന ഷാഫി പറമ്പില്‍ എം.പിയുടെ വാക്ക് അദ്ദേഹം പാലിച്ചു. ഇതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും സര്‍വ പിന്തുണയും നല്‍കുന്നതായും ദുബൈ കെ.എം.സി.സി ആക്റ്റിങ്ങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി.
ആകാശക്കൊള്ളക്കെതിരേ കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ പ്രവാസ ലോകത്ത് എത്തിയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് ഏറ്റവും പ്രധാനമായി ആവശ്യപ്പെട്ടത് പ്രവാസി വിഷയങ്ങള്‍ കൃത്യവും വ്യക്തവുമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അവഗണനക്കെതിരേ നടപടിയുണ്ടാവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്നുമായിരുന്നു. ഈ ദൗത്യം ആരംഭത്തില്‍ തന്നെ അദ്ദേഹം നിര്‍വഹിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇബ്രാഹിം മുറിച്ചാണ്ടി പറഞ്ഞു.
അഡ്വ. ഹാരിസ് ബീരാന്‍ എം.പി അടക്കമുള്ളവരോട് ഈ വിഷയങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാ എം.പി മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും ശക്തമായ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യപ്പെടുകയാണ്. കെ.എം.സി.സി ഇക്കാര്യത്തില്‍ ശക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.