ദുരന്തനാട്: മരണ സംഖ്യ 150ലേക്ക്, സ്ഥിരീകരിച്ചത് 119, പലരുടേയും ശരീര ഭാഗങ്ങള്‍ കിട്ടി

Kerala

മേപ്പാടി: മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം 150ലേക്ക് കടന്നു. 119 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടര്‍ എത്തിയതോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തല്‍ ആരംഭിച്ചു.

100ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.

ഉരുള്‍പൊട്ടല്‍ നടന്ന മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി പുഴകടന്ന് സൈന്യം എത്തി കഴിഞ്ഞു. മണ്ണിടിച്ചലും കുത്തൊഴുക്കും നടന്നു മണിക്കൂറുകള്‍ ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയത്.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതര്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരില്‍ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള അഞ്ച് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങള്‍ വീതമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 30 മൃതദേഹങ്ങളുണ്ട്.

മിലിട്ടറിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.