നീതി നീളുന്നു; ഹര്‍ഷീന നാളെ കമ്മീഷണര്‍ ഓഫീസിനുമുമ്പില്‍ കുത്തിയിരിക്കും

Kerala

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷീന നീതി തേടി നാളെ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തും. പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള മെഡിക്കല്‍ കോളജ് എ.സിയുടെ അപേക്ഷ ജില്ലാ ക്രൈം’റിക്കാര്‍ഡ് ബ്യൂറോ(ഡി.സി.ആര്‍.ബി) തിരിച്ചയച്ച സാഹചര്യത്തിലാണ് സമരസമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന വീണ്ടം സമരത്തിനൊരുങ്ങുന്നത്. സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

മെഡിക്കല്‍ കോളെജിന് മുമ്പില്‍ നൂറുദിവസം പിന്നിട്ട സമരം അവസാനിപ്പിച്ചത് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കുറ്റക്കാരായ ഡോക്ടര്‍മാരടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ വകുപ്പുതല നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് അന്വേഷണോദ്യാഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒടുക്കം വീണ്ടും നീതി നിഷേധിക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അതുകൊണ്ടാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്ന് ഹര്‍ഷീന പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എ.സി. പി.യുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് പോയിട്ടില്ല. റിപ്പോര്‍ട്ട് കമ്മീഷണറോഫീസില്‍ വച്ചു താമസിപ്പിച്ചു. റിപ്പോര്‍ട്ട് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ഹര്‍ഷീനയും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.