കോഴിക്കോട്: ഊട്ടിയിലും മലമ്പുഴയിലും ഉള്ളത് പോലെ സമാനമായ രീതിയില്‍ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദര്‍ശനം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. 44-ാമത് കാലിക്കറ്റ് ഫ്‌ളവര്‍ ഷോ ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്ത് സായാഹ്നങ്ങളില്‍ ഇത്തരം വിനോദങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ അത് സന്തോഷം പകരുന്നതോടൊപ്പം ഈ മേഖലയെ വിപണി മൂല്യമുള്ളതാക്കി പരിവര്‍ത്തിപ്പിക്കാനും പുഷ്പ കയറ്റുമതി സാധ്യതകളിലേക്ക് മാറാനും വഴി ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി ചെയര്‍മാന്‍ പി വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ റംലത്ത്, ജെയിംസ് ജേക്കബ്, കെ എം സി ടി ചെയര്‍മാന്‍ ഡോ. കെ മൊയ്തു, എം എ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍ ജി അംബിക രമേശ് സ്വാഗതവും കെ ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഈ മാസം 29 വരെ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 11 വരെ ഫ്‌ളവര്‍ ഷോ നടക്കും. ദിവസവും കലാ പരിപാടികളും ഉണ്ടായിരിക്കും.