തിരുവനന്തപുരം: എറിക് ഹോബ്‌സ്ബാം രചിച്ച് ആര്‍ പാര്‍വതിദേവി വിവര്‍ത്തനം ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ‘വിപ്ലവകാരികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 24ന് വൈകുന്നേരം 4. 30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടി.എന്‍.ജി ഹാളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പ്രകാശനം ചെയ്യും. കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും ഡീനുമായ ഡോ. മീന ടി. പിള്ള പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം. അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ പുസ്തകം പരിചയപ്പെടുത്തും. ആര്‍ പാര്‍വതി ദേവി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, റിസര്‍ച്ച് ഓഫീസര്‍ റാഫി പൂക്കോം എന്നിവര്‍ സംസാരിക്കും.
രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവര്‍ത്തനം വിശകലനം ചെയ്യുന്ന 5 ഭാഗങ്ങളായുള്ള 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ചരിത്രമാണ് ആദ്യഭാഗത്ത് പ്രതിപാദിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ കാലമാണ് പ്രത്യേക ചര്‍ച്ച വിഷയം. അരാജകവാദം സംബന്ധിച്ച് രണ്ടാം ഭാഗത്തും മാര്‍ക്‌സും മാര്‍ക്‌സിസവും 1950ന്റെ മധ്യകാല ശേഷം സാര്‍വദേശീയമായി ഉയര്‍ന്നുവന്ന സംവാദത്തിന്റെ വിവിധ വശങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു. സൈനികരും ഒളിപ്പോരാളികളും സംബന്ധിച്ചു നാലാം ഭാഗത്തും സായുധ വിപ്ലവകാരികളും വിപ്ലവവും സംബന്ധിച്ച അവസാനഭാഗത്തും പ്രതിപാദിക്കുന്നു. പത്രപ്രവര്‍ത്തകയും പ്രമുഖ വിവര്‍ത്തകയും ഗ്രന്ഥകാരിയുമായ ആര്‍. പാര്‍വതി ദേവിയാണ് ഈ ഗ്രന്ഥം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയത്. എറിക് ഹോബ്‌സ്ബാമിന്റെ കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിപ്ലവകാരികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 425 രൂപ വിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.