ഡോക്യൂമെന്‍ററിയുടെ വിലക്ക്: മോദി സത്യത്തെ ഭയപ്പെടുന്നു: ഐ എന്‍ എല്‍

Kozhikode

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ ഗുജറാത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളോട് ചെയ്ത ക്രൂരതയും നെറികേടും അനീതിയും തുറന്നുകാട്ടുന്ന ബി ബി സി ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മോദിയും ബി ജെ പിയും സത്യം മുഴുവനും പുറത്തുവരുന്നത് ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. 2002ഫെബ്രുവരിയില്‍ തുടക്കമിട്ട ന്യൂനപക്ഷ വിരുദ്ധ വംശഹത്യയുടെ ഘോരമുഖങ്ങള്‍ അനാവൃതമാക്കുന്ന ബി ബി സി ഡോക്യൂമെന്ററി ഇന്ത്യാ രാജ്യത്തെയോ നീതിന്യായ വ്യവസ്ഥയെയോ അല്ല, മറിച്ച് നരേന്ദ്രമോദി എന്ന ആര്‍ എസ് എസ് പ്രചാരക്കിന്റെ കൊടുംക്രൂരതകളെയാണ് തുറന്നുകാട്ടുന്നത്. മോദിയുടെ പ്രതിച്ഛായ തകരുന്നതോടെ രാഷ്ട്രീയമായി വന്‍ തിരിച്ചടി നേരിടുമെന്ന ഭീതിയാണ് ആവിഷ്‌കാര–അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്ക് കത്തിവെക്കുന്ന നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

വിലക്കേര്‍പ്പെടുത്താന്‍ വാര്‍ത്ത വിതരണ മന്ത്രാലയം മുന്നോട്ടുവെച്ച ന്യായങ്ങള്‍ ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്. പ്രതിക്കൂട്ടില്‍ മോദിയും അദ്ദേഹത്തിന്റെ രാഷട്രീയ പ്രചോദനേസ്രാതസ്സായ ആര്‍ എസ് എസുമാണ്. മോദിയും സംഘ്പരിവാറും എത്ര നിഷേധിച്ചാലും ശരി, ഈ രാജ്യം നില നില്‍ക്കുന്ന കാലത്തോളം ഡോക്യൂമെന്ററി തുറന്നുകാട്ടിയ സത്യങ്ങള്‍ കാലം വിളിച്ചുപറയുക തന്നെ ചെയ്യുമെന്നും ഒരു വിചാരണ നേരിടാതെ രക്ഷപ്പെടാമെന്നത് മോദിയുടെ വ്യാമോഹം മാത്രമാണെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *