പെരിന്തൽമണ്ണ : ഏക ദൈവ വിശ്വാസത്തിൻ്റെ മൗലികതയെ വികലമാക്കുന്ന നവയാഥാസ്ഥിതക്കും മുഅജിസത്തും കറാമത്തും ഖബറാളികളെ ആരാധ്യൻമാരാക്കുന്ന തീവ്ര യാഥാസ്ഥികതക്കുമെതിരിലുള്ള പോരാട്ടമാണ് സമകാലീന നവോത്ഥാന മുന്നേറ്റത്തിൻ്റെ അടിസ്ഥാനമായി വർത്തിക്കേണ്ടതെന്ന് കെ.എൻ.എം മർകസുദ്ദഅവ ജ. സെക്രട്ടറി സി.പി ഉമർ സുല്ലമി പറഞ്ഞു. മുഅജിസത്ത് പ്രവാചകത്വത്തിൻ്റെ അടയാളവും കറാമത്ത് പരിശുദ്ധാത്മാക്കൾക്കുളള ആദരവുമാണെന്നിരിക്കെ അത് വെച്ച് അവരെ പടച്ചോനാക്കുന്നത് തൗഹീദി ആദർശത്തോടുള്ള വെല്ലുവിളിയാണ്.
മു അജിസത്തും കറാമത്തും യഥേഷ്ടം കൈകാര്യം ചെയ്യാമെന്നതും അത് വെച്ച് അസാധ്യമായതെന്തും അവരോട് വിളിച്ചു പ്രാർത്ഥിക്കുന്നത് ഖൃഫ്റും ശിർക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
കാലം തേടുന്ന ഇസ്‌ലാഹ് എന്ന കാമ്പയിൻ്റെ ഭാഗമായി കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച ആദർശ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘
നവോത്ഥാന പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം അവകാശപ്പെട്ട് മുസ്ലിം സമുദായത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവർ തൗഹീദിൻ്റെ ശുദ്ധമാർത്തിലേക്ക് തിരിച്ചു വരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വിശുദ്ധ ഖുർക്കുനും പ്രവാചക ചര്യയും ഇജ്തിഹാദും ഇജ്മാ ഉമാണ് ഇസ്‌ലാമിൻ്റെ അടിസ്ഥാനമെന്നിരിക്കെ അറബിയിലെഴുതിയതെന്തും പ്രമാണമാക്കി ചിത്രീകരിച്ച് വിശ്വാസികളെ യാഥാസ്ഥിതികതയിലേക്ക് തെളിക്കുന്നത് പൊറുപ്പിക്കാനാവാത്ത അപരാധമാണ്. കേരളീയ മുസ്ലിംകൾ കയ്യൊഴിഞ്ഞ ജിന്ന് ബാധയും പിശാചിനെ അടിച്ചിറക്കലും മാരണവും കൂടോത്രവുമെല്ലാം പുനരാനയിക്കുന്നവർ നവോത്ഥാനത്തിൻ്റെ ശത്രുക്കളാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ. എൻ. എം മർകസുദ്ദഅവ ജില്ലാ പ്രസിഡൻ്റ് ഡോ. യു.പി യഹ്‌യാ ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാബിർ അമാനി, അലി മദനി, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, അബ്ദുൽ ഗഫൂർ സ്വലാഹി വിഷയമവതരിപ്പിച്ചു.
അബ്ദുൽ കലാം ഒറ്റത്താണി, അബ്ദുൽ അസീസ് മദനി, ശമീർ സ്വലാഹി, അബ്ദുൽ കരീം സുല്ലമി, അബ്ദുൽ അസീസ് മാസ്റ്റർ, വീരാൻ സലഫി , ശാകിർ ബാബു കുനിയിൽ പ്രസംഗിച്ചു.