അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ സമ്പൂര്‍ണ നിരോധനം. 2024 ജനുവരി ഒന്ന് മുതലാണ് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കുക. 2026 ഓടെ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമുണ്ടാവും.
യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ ഘട്ടംഘട്ടമായി നിരോധിച്ചുവരികയാണ്. എന്നാല്‍, 2024 ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് സമ്പൂര്‍ണ നിരോധം ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. ഇവയുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും.
2026 ജനുവരി 1 മുതല്‍ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍, കട്‌ലറികള്‍ തുടങ്ങിയവയും നിരോധിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
അബൂദബിയില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. നിലവില്‍ ദുബൈയില്‍ ഇത്തരം സഞ്ചികളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്താന്‍ വ്യാപാരസ്ഥാപനങ്ങള്‍ 25 ഫില്‍സ് ഈടാക്കുന്നുണ്ട്.