കോഴിക്കോട്: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന പരിധിയിലെ ആറ് ജില്ലകളിലുള്ള 1200 ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ക്ഷീര സംഘങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. അവാര്‍ഡുകള്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വിതരണം ചെയ്തു. വയനാട് ജില്ലയിലെ കബനിഗിരി ക്ഷീര സംഘം ഏറ്റവും മികച്ച ആനന്ദ് മാതൃകാ ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് നേടി.
ഏറ്റവും മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കിയ സംഘമായി പാലക്കാട് ജില്ലയിലെ ആര്‍.വി.പി പുതൂര്‍ ക്ഷീര സംഘത്തെയും, ഏറ്റവും മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘമായി വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീര സംഘത്തെയും തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പാറക്കല്‍ ക്ഷീര സംഘം 500ലിറ്ററിന് മുകളില്‍ പാല്‍ സംഭരിക്കുന്ന സംഘങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന തുകയുടെ മില്‍മ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയ സംഘത്തിനുള്ള അവാര്‍ഡും, മലപ്പുറം ജില്ലയിലെ നെല്ലിക്കുത്ത് ക്ഷീര സംഘം 500 ലിറ്ററിന് താഴെ പാല്‍ സംഭരിക്കുന്ന സംഘങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയ സംഘത്തിനുള്ള അവാര്‍ഡും ഏറ്റു വാങ്ങി.
മേഖലാ യൂണിയന്‍തല അവാര്‍ഡുകള്‍ക്ക് പുറമേ ആറ് ജില്ലകളില്‍ വിവിധ മേഖലകളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ച്ചവെച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള ജില്ലാതല അവാര്‍ഡുകളുംവിതരണം ചെയ്തു. മേഖലാ യൂണിയന്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 35-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത പശുധന്‍ പദ്ധതിയുടെ ഉദ്ഘാടനവും കെ.എസ്. മണി നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് 500പശുക്കളെ വാങ്ങുന്നതിനായി 250 ലക്ഷം രൂപ പലിശ രഹിത വായ്പയായി അനുവദിക്കുന്നതാണ് പദ്ധതി.
കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്ഷീരസംഘം പ്രസിഡന്റുമാരുടെ മേഖലാതല യോഗവും മലബാര്‍ മേഖലയിലെ മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍വ്വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.
മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ നാരായണന്‍ പി.പി., കെ.കെ.അനിത, ചെന്താമര.കെ, ബാലചന്ദ്രന്‍ വി.വി, സനോജ്.എസ്, ടി.പി.ഉസ്മാന്‍, ഗിരീഷ് കുമാര്‍ പി.ടി, സുധാകരന്‍ കെ, ക്ഷീര വികസന വകുപ്പ് ജോയന്റ് ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മലബാര്‍ മില്‍മ ഡയറക്ടര്‍ ശ്രീനിവാസന്‍ പി. സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ആറ് ജില്ലകളില്‍ നിന്നുമുള്ള ക്ഷീരസംഘം പ്രസിഡന്റുമാര്‍ സന്നിഹിതരായിരുന്നു.