കണ്ണൂര്‍: അക്രമികളില്‍ നിന്ന് വെട്ടേറ്റ യുവാവ് കണ്ണൂര്‍ ടൗണില്‍ രക്തം വാര്‍ന്ന് മരിച്ചു. പൂളക്കുറ്റി സ്വദേശി വി ഡി ജിന്റോ(39)യാണ് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ജിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ഡ്രൈവറായ ജിന്റോ മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായാണ് ഇവിടെ എത്തിയത്. അക്രമിയില്‍ നിന്നും കുത്തേറ്റ ജിന്റോ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡില്‍ കിടന്ന് ചോര വാര്‍ന്ന് മരിക്കുകയായിരുന്നെന്നാണ് നിഗമനം. മണിക്കൂറുകളോളം ജിന്റോ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്നു എന്നാണ് കരുതുന്നത്. കണ്ണൂര്‍ നഗര മധ്യത്തില്‍ ആയിരുന്നിട്ടും ജിന്റോ ആ സമയം ആരുടെയും കണ്ണില്‍പ്പെട്ടില്ല.
കണ്ണൂര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയവുമുണ്ട്. വലതുകാലിന് വെട്ടേറ്റ ജിന്റോ പൊലീസ് സ്‌റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പൊലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് യുവാവ് ചോരവാര്‍ന്ന് മരിച്ചത്.