ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിലെ കൃഷിഭൂമികളിലെ വിളവെടുക്കുന്നതിന് കർഷകർക്ക് അനുമതി നൽകണം: കേരള കർഷകസംഘം

Wayanad

കല്പറ്റ: ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തത്തിനുശേഷം കൃഷിഭൂമികളിൽ അവശേഷിക്കുന്ന വിളവെടുക്കുന്നതിന് കർഷകർക്ക് അനുമതി നൽകണമെന്ന് കേരള കർഷകസംഘം കൽപ്പറ്റ ഏരിയ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിരവധി കർഷകരുടെ ഹെക്ടർ കണക്കിന് ഭൂമിയിൽ ഏലം ,കാപ്പി, കുരുമുളക് മുതലായ വിളകൾ അവശേഷിക്കുന്നുണ്ട്.
ദുരന്തത്തെ തുടർന്ന് മറ്റിടങ്ങളിൽ മാറിതാമസിക്കുന്ന കർഷകർക്ക് ആയത് പരിചരിക്കുന്നതിന് ദുരന്തഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചതിനാൽ സാധിക്കുന്നില്ല.

ഏലം വിളവെടുപ്പിന്റെ ഘട്ടമാണ് ഇപ്പോൾ. ആയത് സമയാസമയങ്ങളിൽ വിളവെടുത്തില്ലെങ്കിലും പരിചരിച്ചില്ലെങ്കിലും കാലാവസ്ഥയെയും വന്യമൃഗങ്ങളെയും പ്രതിരോധിച്ചുകൊണ്ട് പതിറ്റാണ്ടുകളായി സംരക്ഷിച്ചു വന്ന വിളകൾ പൂർണ്ണമായും നശിച്ചു പോകും കൃഷിയിടങ്ങൾ തന്നെ ഇല്ലാതാവും. ആയതിനാൽ ഉരുൾപൊട്ടലിൽ ശേഷിക്കുന്ന കൃഷിയിടങ്ങളിൽ വിള സംരക്ഷണത്തിനും വിളവെടുപ്പിനുമുള്ള സൗകര്യം ഒരുക്കുന്നതിന് കർഷകർക്ക് അനുമതി നൽകണമെന്ന് കേരള കർഷകസംഘം കൽപ്പറ്റ ഏരിയ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ അബ്ദുറഹ്മാൻ, ട്രഷറർ വി എം റഷീദ് , ജോബിഷ് കുര്യൻ എന്നിവർ സംസാരിച്ചു.