മാനന്തവാടി :- ഇന്ത്യയെ ജാതിയുടേയും മതത്തിൻ്റെയും പേരിൽ ഭിന്നിപ്പിക്കുന്ന സംഘ്പരിവാർ ഫാഷിസത്തിനെതിരെ ജനങ്ങൾ ഐക്യപ്പെടണമെന്നും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ മുഖ്യ അജണ്ട ഫാഷിസ്റ്റ് വിരുദ്ധതയായ് പുനർനിർണ്ണയിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി പറഞ്ഞു. ബാബരി ദിനത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് ധ്വംസനം വെറുമൊരു ആരാധനാലയത്തിൻ്റെ തകർച്ചയല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരാക്രമണവും ഇന്ത്യൻ മതേതരത്തിനേറ്റ തീരാകളങ്കവുമാണ്. മസ്ജിദിൻ്റെ പുനർനിർമ്മിതിയിലൂടെ അതിന് പ്രതിക്രിയ നടത്തേണ്ടത് ഭരണകൂടത്തിൻ്റെ കടമയാണ്. രാജ്യത്തെ നിയമ വ്യവസ്ഥിതി സംഘ് പരിവാറിന് വിധേയപ്പെടുന്നത് അത്യന്തം അപകടകരമാണ്. പൊതു സമൂഹം മൗനം വെടിഞ്ഞ് ഫാഷിസത്തിനെതിരെ പരസ്യ പ്രതികരണത്തിന് തയ്യാറാവണം. എല്ലാ ആരാധാനാലയങ്ങൾക്ക് മേലെയും അവകാശ വാദം ഉന്നയിക്കാനുള്ള അവസരമാണ് റിട്ട ചീഫ് ജസ്റ്റിസ് ചന്ദ്രചൂട് ഉണ്ടാക്കിയതെന്നും കാശിയിലെ ഗ്യാൻവ്യാപി, മധുരയിലെ ഷാഹി ഈദ്ഗാഹ്, ഡൽഹിയിലെ മഹ്റോളജി മസ്ജിദ് തുടങ്ങി താജ്മഹൽ, കുത്തബ്മിനാർ, ചാർമിനാർ അടക്കമുള്ള ആരാധനാലയങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കുംമേൽ ഫാഷിസ്റ്റുകൾ പുതിയ അവകാശ വാദങ്ങളുമായ് വരുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.നാസർ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ ഷമീർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് വി.സുലൈമാൻ സ്വാഗതവും സെക്രട്ടറി സജീർ എം.ടി നന്ദിയും പറഞ്ഞു.