കല്പറ്റ: കത്തോലിക്ക കോണ്‍ഗ്രസിന്റെ മാനന്തവാടി രൂപത സമ്മേളനവും പഠന ശിബിരവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സെപ്തംബര്‍ 13, 14 തിയ്യതികളില്‍ കല്പറ്റ ഡിപോള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാചക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന രേഖ സമ്മേളനത്തില്‍ തയ്യാറാക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിന് സമ്മേളനം രൂപം നല്‍കും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, കര്‍ഷക വിരുദ്ധ ഇ എസ് എ വിജ്ഞാപനം, വന്യജീവി ശല്യം, പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, വയനാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, സമുദായ ശാക്തീകരണം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ സമീപനം എന്നീ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും.
13ന് വൈകീട്ട് 5.30ന് ജപമാലയോട്കൂടി പഠന ശിബിരം ആരംഭിക്കും. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍ പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകുകില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപത വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൊറോന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പഠന ശിബിരത്തില്‍ പങ്കെടുത്തും.
14ന് രാവിലെഒമ്പത് മണിക്ക് നേതൃസംഗമം ആരംഭിക്കും. കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റ് ഭാരവാഹികള്‍, രൂപത, ഫൊറോന നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും. മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തുഴുത്തുങ്കല്‍ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടര്‍ ഫാ ജോപി മുക്കാട്ടുകാവുങ്കല്‍ ആമുഖ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സ്വാഗതം പറയും. സ്വാഗത സംഗം ചെയര്‍മാന്‍ ഫാ ജോഷി പെരിയ പുറം, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ സാജു കൊല്ലപ്പള്ളി, യൂണിറ്റ് വൈസ് പ്രസിഡന്റ് രാജന്‍ ബാബു പാലന്‍മൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.
ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും ഗ്ലോബല്‍ നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍ നേതാക്കള്‍ക്ക് രൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. രൂപത പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കല്പറ്റ ഫൊറോന ഡയറക്ടര്‍ ഫാ ടോമി പുത്തന്‍പുര അനുമോദന പ്രസംഗം നടത്തും. ഗ്ലോബല്‍ ഭാരവാഹികളായ പ്രൊഫ രാജീവ് കൊച്ചുപറമ്പില്‍, ഫാ ഫിലിപ്പ് കവിയില്‍, ഡോ ജോസുകുട്ടി ഒഴുകയില്‍, അഡ്വ ടോണി പുഞ്ചകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. അഞ്ഞൂറോളം യൂണിറ്റ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കാളികളാകും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ഡയറക്ടര്‍ ജോബി മുക്കാട്ടുകാവുങ്കല്‍, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബിനു ഏറനാട് എന്നിവര്‍ പങ്കെടുത്തു.