കോഴിക്കോട്: മതത്തിന്റെ പേരിൽ മനുഷ്യരെ കബളിപ്പിക്കുന്ന കപട ആത്മീയ സംഘങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൗഹീദ് സമ്മേളനം ആവശ്യപ്പെട്ടു.


കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ ( അഹ് ലുസ്സുന്നത്തി വൽ ജമാഅ ) യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഘടിപ്പിക്കട്ടെ സമ്മേളനം ആത്മീയ ചൂഷണങ്ങൾ തടയാൻ നിലവിലെ നിയമങ്ങളിലെ പഴുതുകൾ അടച്ച് ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നും, സമുദായ നേതാക്കളെക്കുറിച്ചും നവോത്ഥാന നായകരെക്കുറിച്ചും അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് സമുദായത്തെ പിന്നോട്ട് നയിക്കാൻ ശ്രമിക്കുന്ന തീവ്ര പിന്തിരിപ്പൻ ശക്തികളെ സമുദായം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.

തൗഹീദ് സമ്മേളനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സിദ്ധൻമാരും ദിവ്യൻമാരും ഔലിയാക്കളും ദൈവത്തിൻ്റെ പ്രതിപുരുഷൻമാരാണെന്ന വിശ്വാസവും അവരുടെ ശവകുടീരങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളാക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുല്ലത്തീഫ് മൗലവി, ഡോ.മുനീർ മദനി, അഹമ്മദ് അനസ് മൗലവി, മമ്മൂട്ടി മുസ്ല്യാർ വയനാട്, സഅദുദ്ദീൻ സ്വലാഹി,വളപ്പിൽ അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.