സാഫിക്ക് പുതിയ ഭാരവാഹികൾ; സി എച്ച് അബ്ദുൽ റഹീം ചെയർമാനും എം എ മെഹബൂബ് ജനറൽ സെക്രട്ടറിയും

Kozhikode

കോഴിക്കോട് : സോഷ്യൽ അഡ്വാൻസ്‌മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ( സാഫി )യുടെ പുതിയ ചെയർമാൻ ആയി ചാർട്ടേഡ് അക്കൗണ്ടന്റും വിദ്യാഭ്യാസ വിചക്ഷണനുമായ സി എച്ച് അബ്ദുൽ റഹീം തെരെഞ്ഞെടുക്കപ്പെട്ടു. ഗൾഫാർ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. പി മുഹമ്മദലിയാണ് ചെയർമാൻ ഓഫ് എമിരെറ്റസ്. മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മെഹബൂബ് ജനറൽ സെക്രട്ടറിയായും സ്കൈലൈൻ ബിൽഡർസ് ചെയർമാൻ കെ വി അബ്ദുൽ അസീസ്‌ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയിൽ ചേർന്ന സാഫി ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയർമാന്മാരായി അമീർ അഹമ്മദ് മണപ്പാട്ട്, ഡോ. അബ്ദുസ്സലാം അഹമ്മദ് വാണിയമ്പലം എന്നിവരും, സെക്രട്ടറിമാരായി ഡോ .അമീർ അഹമ്മദും , കദീജ മുഹമ്മദലിയും തെരഞ്ഞെടുക്കപ്പെട്ടു.

സാഫിക്ക് കീഴിൽ നിലവിൽ സാഫി ഓട്ടോണോമസ് കോളേജും പി എം എ സാഫി ഹ്യൂമൺ റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടും, സാഫി ഐ എ എസ് അക്കാദമിയും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തെ നാക് അക്രഡിറ്റേഷൻ അസ്സസ്മെന്റ് ആദ്യ സൈക്കിളിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് വിഭാഗത്തിൽ ഉയർന്ന ഗ്രേഡ് ആയ എ പ്ലസ് പ്ലസ് നേടി സാഫി കോളേജ് കഴിഞ്ഞ വർഷം ശ്രദ്ധേയമായിരുന്നു. തുടർന്ന് സ്വയംഭരണ പദവിയും കോളേജിന് ലഭിച്ചിരുന്നു.