നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠ ജേതാക്കളുടെ സംഗമവേദിയാകാന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം

News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാഹിത്യമേളകളിലൊന്നായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പ് നൊബേല്‍ ജേതാവ് അബ്ദുള്‍റസാഖ് ഗുര്‍ണ, ബുക്കര്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്താല്‍ സമ്പന്നമാകും. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നാലു ദിവസത്തെ അക്ഷരോത്സവത്തിന് തുടക്കമാകും.

സാഹിത്യപ്രതിഭകള്‍ക്കൊപ്പം സിനിമ, കല, മാധ്യമപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്ക് കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനുള്ള വേദിയായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മാറും. ‘ക ഫെസ്റ്റിവെല്‍’ എന്നറിയപ്പെടുന്ന അക്ഷരോത്സവത്തില്‍ ഒരു നൊബേല്‍ ജേതാവും രണ്ട് ബുക്കര്‍ ജേതാക്കളും മൂന്ന് ജ്ഞാനപീഠ ജേതാക്കളുമുള്‍പ്പെടെ 400 ലധികം പ്രഭാഷകര്‍ പങ്കെടുക്കും. ബുക്കര്‍ സമ്മാന ജേതാക്കളായ ഷെഹാന്‍ കരുണതിലകയും ജോഖ അല്‍ ഹാര്‍ത്തിയും ഇക്കൂട്ടത്തിലെ പ്രബല സാന്നിധ്യങ്ങളാകും.

ഇന്ത്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പുകളിലൊന്നായ മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അക്ഷരോത്സവത്തിന്റെ പ്രമേയം ‘ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍’ എന്നതാണ്. എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാ, കഥാവായനകള്‍ എന്നിവ സെഷനുകളെ സമ്പന്നമാക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാറാണ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍.

എഴുത്തുകാര്‍, പ്രസാധകര്‍, അഭിനേതാക്കള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി അക്ഷരങ്ങളുടെ വിസ്മയലോകത്ത് ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സംഗമത്തിനാണ് ഈ വര്‍ഷത്തെ അക്ഷരോത്സവം സാക്ഷ്യം വഹിക്കുകയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ മയൂര ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

അക്ഷരോത്സവത്തിലെ ശ്രദ്ധേയ സാന്നിധ്യമായ ടാന്‍സാനിയന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക് 2021 ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. കിഴക്കന്‍ ആഫ്രിക്കയിലെ സാംസ്‌കാരിക വൈവിധ്യങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കും വന്‍കരകള്‍ക്കുമിടയ്ക്കുള്ള അഭയാര്‍ഥി ജീവിതങ്ങളുമാണ് ഗുര്‍ണ എഴുത്തിന് പശ്ചാത്തലമാക്കിയിട്ടുള്ളത്.

യുദ്ധത്തില്‍ മരിച്ച ഫോട്ടോഗ്രാഫര്‍ക്ക് മരണാനന്തര ജീവിതത്തില്‍ ഏര്‍പ്പെടേണ്ടിവരുന്ന ഒരു ദൗത്യത്തെ പ്രമേയമാക്കുന്ന ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകയുടെ ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ 2022 ല്‍ ബുക്കര്‍ സമ്മാനം നേടിയിരുന്നു.

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യ വനിതാ ഒമാനി നോവലിസ്റ്റായ ജോഖ അല്‍ ഹാര്‍ത്തിയുടെ ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന നോവല്‍ 2019 ല്‍ ബുക്കര്‍ സമ്മാനം നേടി. ഒമാനിലെ അല്‍ അവാഫി ഗ്രാമം പശ്ചാത്തലമാക്കിയ നോവല്‍ മൂന്ന് സഹോദരിമാരുടെ കഥകളാണ് പിന്തുടരുന്നത്.

ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളായ എം ടി വാസുദേവന്‍ നായര്‍, ദാമോദര്‍ മൗസോ, അമിതാവ് ഘോഷ് എന്നിവരാണ് അക്ഷരോത്സവത്തിലെ മറ്റു പ്രമുഖര്‍. കൊളോണിയലിസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ കൃതികളിലൂടെ ശ്രദ്ധേയനാണ് അമിതാവ് ഘോഷ്.

കോളം മക്കാന്‍, ജോണ്‍ കീ, ഷോണ്‍, ഫുതി ഷിംഗില, നിയാല്‍ ഗ്രിഫിത്ത്‌സ്, റാക്വല്‍ സാന്റനേര, ആര്‍ച്ചോ കിക്കോഡ്‌സെ, അലക്‌സാന്‍ഡ്ര ബുച്‌ലര്‍, മേഗന്‍ അങ്ഹാരാത് ഹണ്ടര്‍, കാര്‍ലോസ് ഫോണ്‍സെക സുവാരസ്, ബിയാട്രിസ് ഷിവേറ്റ് എസ്‌കിയേറ്റ, റാസ ബുഗാവിച്ച് പെസി, ആല്‍വിന്‍ പാങ്, അവ്രിന പ്രബല ജോസ്ലിന്‍, ഇവാന്‍ അഡിയാമ്പോ ഓവോര്‍, ജേക്കബ് ഡാല്‍ബോര്‍ഗ്, ക്രിസ്റ്റ്യന്‍ കാമില്‍, വാമ്പ ഷെരീഫ്, പൗളിന സ്‌റ്റോക്‌നിയാലെക്, ക്രിസ്‌റ്റോഫ് ഹോഫ്മാന്‍ തുടങ്ങിയവര്‍ അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്ന പ്രധാന വിദേശ എഴുത്തുകാരാണ്.

തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, മഹുവ മൊയിത്ര എം പി, കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി, മുന്‍ ക്രിക്കറ്റര്‍ സാദ് ബിന്‍ ജങ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന സുധാമൂര്‍ത്തി, അനിന്ദിതാ ഘോഷ്, അനിതാ നായര്‍, ശോഭ ഡേ, ആനന്ദ് നീലകണ്ഠന്‍, ജീത് തയ്യില്‍ തുടങ്ങിയവരും മലയാള സാഹിത്യത്തിലെ മുതിര്‍ന്ന എഴുത്തുകാരായ ടി പത്മനാഭന്‍, കെ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, സാറാ ജോസഫ്, എന്‍ എസ് മാധവന്‍, സക്കറിയ തുടങ്ങിയവരും അക്ഷരോത്സവത്തിലെ പ്രധാന സാന്നിധ്യങ്ങളാകും. കല്‍പ്പറ്റ നാരായണന്‍, സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, പ്രഭാവര്‍മ്മ, ആഷാമേനോന്‍, സുനില്‍ പി ഇളയിടം, പി കെ രാജശേഖരന്‍, റോസ്‌മേരി, ആലങ്കോട് ലീലാകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ്‌കുമാര്‍, ജി ആര്‍ ഇന്ദുഗോപന്‍, കെ രേഖ തുടങ്ങിയവരാണ് അക്ഷരോത്സവത്തില്‍ മലയാള ഭാഷയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മറ്റ് എഴുത്തുകാര്‍.

സിനിമാ അഭിനേതാക്കളായ കബീര്‍ ബേദി, സിദ്ധിഖ്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, മധുപാല്‍, ജോയ് മാത്യു, ദിവ്യാ ദത്ത, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കലാസംവിധായകന്‍ സാബു സിറിള്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ത്യാഗരാജന്‍, ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍ തുടങ്ങിയവര്‍ ചലച്ചിത്ര മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ, നര്‍ത്തകിമാരായ മല്ലിക സാരാഭായി, അലര്‍മേല്‍ വല്ലി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ്, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി എന്നിവരുടെ അവതരണങ്ങള്‍ക്കും അക്ഷരോത്സവം സാക്ഷ്യം വഹിക്കും.

മോട്ടിവേഷണല്‍ സ്പീക്കര്‍ ഗൗര്‍ ഗോപാല്‍ ദാസ്, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് ആരോഹക പൂര്‍ണ മലാവത്, ക്യാപ്റ്റന്‍ ഗോപിനാഥ്, ബൈക്ക് ആംബുലന്‍സ് ദാദ എന്നറിയപ്പെടുന്ന കരിമുല്‍ ഹഖ്, സിസ്റ്റര്‍ സുധ (സൈക്കിള്‍ ദീദി) എന്നിവര്‍ അക്ഷരോത്സവത്തിലെ പ്രചോദനാത്മകമായ സാന്നിധ്യങ്ങളാകും.

ഡോ. ശശി തരൂര്‍ എം പി ഫെസ്റ്റിവെല്‍ പാട്രണും ദേവിക എം എസ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. പ്രശസ്ത പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സബിന്‍ ഇഖ്ബാല്‍, എം പി സുരേന്ദ്രന്‍ എന്നിവര്‍ അക്ഷരോത്സവത്തിന്റെ ക്യൂറേറ്റര്‍മാരും ചലച്ചിത്ര സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമാണ്.

അക്ഷരോത്സവത്തിനു മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാരെയും വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ച് ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത വിഷയങ്ങളില്‍ ‘100 ദേശങ്ങള്‍, 100 പ്രഭാഷണങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണ പരമ്പര നടന്നുവരികയാണ്.

2018ല്‍ ആരംഭിച്ച മാതൃഭൂമി അക്ഷരോത്സവം വായനക്കാരുടെ കൂടി പങ്കാളിത്തത്തോടെ സൃഷ്ടിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *