ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം സെപ്റ്റം. 21 ശനിയാഴ്ച വെട്ടുകാട് നടക്കും

Thiruvananthapuram

വെട്ടുകാട്: കേരളത്തിലെ ലത്തീൻ സഭയിലുള്ള കേൾവി സംസാര പരിമിതരുടെ സംസ്ഥാനതല സമ്മേളനം സെപ്റ്റം. 21 ശനിയാഴ്ച പ്രശസ്ത തീർഥാടന കേന്ദ്രമായ തിരുവനന്തപുരം വെട്ടുകാട് നടക്കും.

ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി-യുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആഥിത്യമരുളും.

സമ്മേളനത്തിൽ കേൾവി – സംസാര പരിമിതരുടെ ആത്മീയ അജപാലനവും ജീവിതാന്തസ്സും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യംവയ്ക്കുന്ന എഫ്ഫാത്ത’ ഫോറത്തിനും തുടക്കം കുറിക്കും.

കേൾവി – സംസാര വെല്ലുവിളി നേരിടുന്നവരിൽ ഇൻഡ്യയിലെ പ്രഥമ പുരോഹിതൻ റവ.ജോസഫ് തേർമഠത്തെ പരിപാടിയിൽ ആദരിക്കും.

സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9.30 മണിക്ക് വെട്ടുകാട് പാരിഷ് ഹാളിൽ ആരംഭിക്കുന്ന കൂടിവരവിൽ ഈഥർ ഇൻഡ്യ ഡയറക്ടർ ബിജു സൈമൺ ആമുഖ പ്രഭാഷണത്തിനും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. തുടർന്ന് 11.15 മണിക്ക് മാത്രെ ദേ ദേവൂസ് ദേവലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് ഫാമിലി കമ്മിഷൻ ചെയർമാനും വിജയപുരം രൂപതാദ്ധ്യക്ഷ നുമായ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജനിസ്റ്റൻ, ഫാ. ജോളി എന്നിവർ ദിവ്യബലി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യും.
വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് നടക്കുന്ന ക്ലാസിന് കോട്ടയം ആസ്ഥാനമായി കേൾവി – സംസാര പരിമിതർക്കായി പ്രവർത്തിക്കുന്ന ‘നവധ്വനി’ ഡയറക്ടർ ഫാ. ബിജു ലോറൻസ് മൂലക്കര നേതൃത്വം നല്കും.

ഉച്ചയ്ക്ക് 3 മണിക്ക് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം എം. പി. ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും.

ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ഫാ. ഡോ. എ.ആർ. ജോൺ സ്വാഗതമരുളുന്ന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശംസ കളർപ്പിക്കുകയും കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്യും.