കിടപ്പാടങ്ങൾ ജപ്തി ചെയ്യരുത്: വൈപ്പിൻ ജപ്തി വിരുദ്ധ കൺവെൻഷൻ

Thiruvananthapuram

തിരുവനന്തപുരം: വൈപ്പിൻ മേഖലയിലെ കിടപ്പാട ജപ്തി നേരിടുന്ന ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് സാവകാശവും ഇളവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജപ്തി വിരുദ്ധ കൺവെൻഷൻ നടത്തി . എടവനക്കാട് വ്യാപാരി വ്യവസായി ഹാളിൽ നടത്തിയ കൺവെൻഷൻ ദലിത് ദേശീയ വിമോചന മുന്നണി ജനറൽ സെക്രട്ടറി
അഡ്വ. പി.ഒ. ജോൺ ഉദ്ഘാടനം ചെയ്തു.

സാധാരണ ജനങ്ങൾക്ക് നേരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ജപ്തി നടപടി കൈക്കൊള്ളുന്ന 2002-ലെ സർഫാസി നിയമം പിൻവലിക്കണമെന്ന് രാജ്യമെമ്പാടും ഉയർന്നു വന്ന ആവശ്യം അവഗണിച്ചുവന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റ് മുതലാളിമാർക്കു വേണ്ടി “പാപ്പരത്ത നിയമം” എന്ന അനുകൂല നിയമം കൊണ്ടുവന്നതിലൂടെ ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങൾ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും അതിനെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അധ്യക്ഷത വഹിച്ചു .

പി.കെ. വിജയൻ, ടി.സി. സുബ്രഹ്മണ്യൻ , പി.കെ. ഷാജി, സേതു സമരം, പ്രവിതാ ഉണ്ണികൃഷ്ണൻ, പി. എ. കുട്ടപ്പൻ, ടി.കെ. രാജു, പി.ജെ. മാനുവൽ, കുമാരൻ കാക്കനാട് എന്നിവർ സംസാരിച്ചു. “ജപ്തി തടയൽ നിയമം” എന്ന പേരിൽ സർക്കാർ പാസാക്കിയ നിയമം ജപ്തി ഉറപ്പാക്കുന്ന കപട നിയമമാണെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

കിടപ്പാട ജപ്തി തടഞ്ഞു കൊണ്ടും, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, മൈക്രോ ഫൈനാൻസ് കമ്പനികളുടെ പലിശ കൊള്ള നിയന്ത്രിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തി കൊണ്ടുമുള്ള നിയമനിർമാണം അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന കമ്മിറ്റി അംഗം എ.ടി.ബൈജു സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു .

വൈപ്പിൻകരയിലെ സാധാരണ ജനങ്ങളെ അവരുടെ മൂന്നും , അഞ്ചും സെൻറ് കിടപ്പാടങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള സഹകരണ സംഘങ്ങളുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോടെയുള്ള ജപ്തി നടപടി നീക്കങ്ങൾക്കെതിരെ വൈപ്പിൻ കരയിൽ ഒക്ടോബർ 2 മുതൽ പ്രതിഷേധ സമരത്തിന് തുടക്കം കുറിക്കുമെന്ന് കൺവീനർ ടി.പി.പുഷ്ക്കരൻ അറിയിച്ചു. നൂറുകണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു .