ലഹരി വിമുക്ത യുവത നാടിന് ആവശ്യം

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ആറ്റിങ്ങല്‍: ലഹരി വിമുക്തമായ യുവജനതയാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മുന്‍സിഫ് മജിസ്‌ട്രേറ്റ് സന്തോഷ് കുമാര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു ആറ്റിങ്ങല്‍ സി എസ് ഐ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം.

സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിപത്തായി ലഹരി മാറിക്കഴിഞ്ഞു. നമ്മുടെ യുവസമൂഹം അറിഞ്ഞോ, അറിയാതെയോ അതില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ തിരിച്ചുവരവ് അസാധ്യമായ തലത്തിലേക്ക് ആണ് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ തന്നെ ജാഗരൂകരായി മുന്നോട്ടു പോകേണ്ട സമയമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളാണ് ഒരു നാടിന്റെ സമ്പത്ത്. അതിനെ തകിടം മറിക്കാന്‍ ഒരു വിഭാഗം എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ജീവിതത്തില്‍ ഉടനീളം പാലിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആരോഗ്യ വകുപ്പിന്റെ പുരസ്‌കാര ജേതാവുമായ സാജന്‍. എസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ശ്രീജ ഡി എസ്, എച്ച് എസ് എസ് ചാര്‍ജ് ബിന്ദു എം എന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഗീതാ കൃഷ്ണ പി കെ, ജെ ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ കല എം തുടങ്ങയവര്‍ പങ്കെടുത്തു.