വയനാട് ഉരുള്‍പൊട്ടല്‍: ബജാജ് ഫിന്‍സെര്‍വ് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന  നല്‍കി

Wayanad

കൽപ്പറ്റ : ഇന്ത്യയിലെ  മുന്‍നിര സാമ്പത്തിക സേവന  ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്  സംഭാവന നല്‍കി. സംഭാവന കേരള സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് ഓണ്‍ലൈനായി നല്‍കിയതിന് ശേഷം ബജാജ് ഫിന്‍സെര്‍വ് ചീഫ് ഇക്കണോമിസ്റ്റും കോര്‍പ്പറേറ്റ് അഫയേഴ്സ് പ്രസിഡന്റുമായ ഡോ. എന്‍ ശ്രീനിവാസ റാവു  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, ലീഗല്‍ ആന്‍ഡ് കംപ്ലയന്‍സ് സീനിയര്‍ പ്രസിഡന്റ് അനില്‍ പിഎം എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സും വയനാട്ടിലെ ദുരിതബാധിതരായ ഉപഭോക്താക്കള്‍ സമര്‍പ്പിച്ച എല്ലാ ക്ലെയിമുകളുടെയും പ്രോസസ്സിംഗ് വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ബജാജ് ഫിന്‍സെര്‍വിന്റെ വായ്പാ വിഭാഗമായ ബജാജ് ഫിനാന്‍സ്, വയനാട്ടില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക്    വായ്പ തിരിച്ചടവുകള്‍ക്ക്  മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പ്രധാന ദുരന്ത ബാധിത സ്ഥലങ്ങളായ   പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, മേപ്പാടി, കുഞ്ഞോം വില്ലേജുകളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള മൊറട്ടോറിയം ബാധകമാണ്.

”ഞങ്ങളുടെ സാമൂഹിക ആഘാത പരിപാടികള്‍ സമൂഹത്തിന്റെ ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടുകളും ജീവിതവും താമസക്കാരുടെ ഉപജീവനവും ഇല്ലാതായി. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഈ സംഭാവനയും ബജാജ് ഫിന്‍സെര്‍വ് കമ്പനികള്‍ ഏറ്റെടുക്കുന്ന വിവിധ സംരംഭങ്ങളും ഉപയോഗിച്ച്, ബാധിച്ചവര്‍ക്ക് അര്‍ത്ഥവത്തായ പിന്തുണ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നവെന്ന് ബജാജ് ഫിന്‍സെര്‍വ് ചീഫ് ഇക്കണോമിസ്റ്റും പ്രസിഡന്റുമായ ഡോ. എന്‍ ശ്രീനിവാസ റാവു പറഞ്ഞു.

ദുരന്ത ബാധിത പ്രദേശങ്ങളെ സാധാരണ നിലയിലേക്കെത്താനുള്ള സംസ്ഥാനത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് ദുരിതാശ്വാസ ഫണ്ട് ലക്ഷ്യമിടുന്നത്.