നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ കേരളത്തില്‍ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്ന ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത എല്‍ ഡി എഫ് അധികാരം ലഭിച്ചപ്പോള്‍ സംസ്ഥാനത്തെ മദ്യക്കച്ചവടക്കാര്‍ക്ക് തീറെഴുതി നല്കിയെന്ന് കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടിയില്‍ കുറ്റപ്പെടുത്തി. 2016ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ ആകെയുണ്ടായിരുന്നതു് 29 ബാറുകളാണ്. 6 വര്‍ഷത്തെ ഭരണത്തിനിടെ അത് 25 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ കേരളത്തില്‍ 718 ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന മദ്യ നിയന്ത്രണാധികാരം ഇല്ലാതാക്കിയതും എല്‍ ഡി എഫാണ്. മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് കല്പറ്റയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം തിരിച്ചു നല്കുക, പ്രായാനുസൃതമായ ലഹരിവിരുദ്ധ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മദ്യനിരോധനസമിതി സംസ്ഥാനജാഥ നടത്തുന്നത്.
ജാഥാ ക്യാപ്റ്റന്‍മാരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഡോ. വിന്‍സെന്റ് മാളിയേക്കല്‍, ജില്ലാ പ്രസിഡന്റ് ജോസഫ് അമ്പാട്ട്, വി ജി ശശികുമാര്‍, ഡോ. യൂസഫ് നദ്‌വി, ഇയ്യച്ചേരി പത്മിനി, പി വി ജോസ്, കെ ആര്‍ ഗോപി, ടി ഖാലിദ്, പി കെ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ കേണിച്ചിറയില്‍ നിന്ന് പര്യടനം ആരംഭിച്ച ജാഥയ്ക്ക് മീനങ്ങാടി, മുട്ടില്‍, കമ്പളക്കാട്, പടിഞ്ഞാറത്തറ, കാവുംമന്ദം, പിണങ്ങോട് എന്നിവിടങ്ങളിലും സ്വീകരണം നല്കി.