റംലാ ബീഗം മാപ്പിളപ്പാട്ടിന്‍റെ ആത്മാവ്ഉള്‍ക്കൊണ്ട കലാകാരി

Malappuram

കൊണ്ടോട്ടി: ഗായികയും കാഥികയുമായിരുന്ന റംലാബീഗം മാപ്പിളപ്പാട്ടിന്റെ ആത്മാവ് ഉള്‍ക്കൊണ്ട കലാകാരിയായിരുന്നുവെന്ന് ഗായകന്‍ വി.ടി. മുരളി അഭിപ്രായപ്പെട്ടു. റംലാബീഗത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ”കേരള മാപ്പിള കലാശാല” എന്ന കലാ കൂട്ടായ്മയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ”ബീഗം സ്മൃതിയരങ്ങ്” ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം.

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഫൈസല്‍ എളേറ്റില്‍ റംലാബീഗം അനുസ്മരണ പ്രഭാഷണം നടത്തി. പക്കര്‍ പന്നൂര്‍, ബഷീര്‍ ചുങ്കത്തറ, കേരള മാപ്പിളകലാശാലയുടെ സാരഥി സി.വി.എ. കുട്ടി ചെറുവാടി, കെ.കെ. അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയില്‍ മാപ്പിളകലാ രംഗത്തെ സംഭാവനകള്‍ക്ക് റംലാബീഗത്തിന്റെ പേരില്‍ മാപ്പിളകലാ ശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വി.ടി. മുരളി വിതരണം ചെയ്തു. മുഹമ്മദ് കുട്ടി അരീക്കോട്(ലൈഫ് ടൈം അക്ചീവ്‌മെന്റ്), ആബിദ റഹ്മാന്‍ ചാവക്കാട്(ആലാപനം), ഹസ്സന്‍ നെടിയനാട്(ഗ്രന്ഥ രചന), ഇസ്മയില്‍ തളങ്കര(ഗായകന്‍), ഇന്ദിര ജോയ്(ഗായിക), മൊയ്തുമാസ്റ്റര്‍ വാണിമേല്‍(അറബന, അറബി ഗാനരചന), നവാസ് പാലേരി(യൂത്ത് സോഷ്യല്‍ സ്റ്റാര്‍), അഷ്‌റഫ് കൊണ്ടോട്ടി(ഗവേഷണം), ഹനീഫ മുടിക്കോട്(പരിശീലനം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തുര്‍ന്ന് നടന്ന ”ഇശലും ഗസലും” ഗാന പരിപാടി ഗായിക സിബില്ല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആബിദ റഹ്മാന്‍, നവാസ് പാലേരി, ഇന്ദിരാ ജോയ്, ഇസ്മയില്‍ തളങ്കര, അമീന സുല്‍ത്താന എന്നിവര്‍ ഗായകരായി അരങ്ങിലെത്തി.