പാലാ: പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയിലെ പാലാ നിയോജകമണ്ഡലത്തില്‍പ്പെട്ട ഭാഗങ്ങളില്‍ പ്രവര്‍ത്തനരഹിതമായ സോളാര്‍ തെരുവ് വിളക്കുകള്‍ക്കു പകരം വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പാലായില്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ നിയോജകമണ്ഡലത്തില്‍ ഉള്ള ഭാഗത്താണ് സോളാര്‍ വിളക്കുകള്‍ മാറ്റാന്‍ തീരുമാനമായത്. ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഒന്നും തെളിയുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ എം എല്‍ എ നിര്‍ദ്ദേശം നല്‍കിയത്.
സീബ്രാലൈനുകള്‍, റിഫ്‌ലക്ടറുകള്‍ തുടങ്ങിയവയും നവീകരിക്കാന്‍ മാണി സി കാപ്പന്‍ നിര്‍ദ്ദേശം നല്‍കി. വിവിധ റോഡുകളുടെ നവീകരണ നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത്, കെട്ടിടം, വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും കെ എസ് ടി പി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.