സ്വതന്ത്ര ചിന്തയുടെ പേരിൽ അധാർമികത പ്രചരിപ്പിക്കുന്നത് തിരിച്ചറിയണം: എം എസ് എം

Kozhikode

അത്തോളി: സ്വതന്ത്ര ചിന്തയുടെയും ശാസ്ത്ര പ്രചരണത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരിൽ വിദ്യാർഥികളെയും യുവാക്കളെയും അധാർമ്മികതയിലേക്ക് നയിക്കുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്ന് എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഹൈസെക്’ ഹയർസെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം അഭിപ്രായപ്പെട്ടു.

നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും, അപരമത വിദ്വേഷങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാമൂഹ്യ മാധ്യമങ്ങളെ നിയമം മൂലം നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മനുഷ്യ ജീവിതത്തിന് മൂല്യങ്ങൾ നൽകുന്നത് മത സന്ദേശങ്ങളാണ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാർമ്മികത കാത്തുസൂക്ഷിക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നതെന്നും, കൗമാരക്കാരായ വിദ്യാർഥികളിൽ ധാർമ്മിക ബോധം നൽകിയാൽ മാത്രമേ ധാർമ്മികതയുള്ള വരും തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ പറഞ്ഞു.

കെ.എൻ.എം ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന ജന:സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി,ഐ.എസ്.എം ജില്ല വൈസ് പ്രസിഡണ്ട് അസ്ഹർ അബ്ദുല്ല, കെ.എൻ.എം അത്തോളി മണ്ഡലം സെക്രട്ടറി ബിച്ചു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പഠന സെഷനിൽ പി.കെ സക്കരിയ്യ സ്വലാഹി, അംജദ് എടവണ്ണ, ഹാഫിദ് റഹ്മാൻ മദനി എന്നിവർ വിഷയങ്ങളവതരിപ്പിച്ചു. ഓപ്പൺ ഫോറത്തിൽ ഷിബിലി മുഹമ്മദ് ,എം.എസ്.എം സംസ്ഥാന ഭാരവാഹികളായ സഅദുദ്ദീൻ സ്വലാഹി, അസീം സ്വലാഹി, മുഹമ്മദ് അമീർ, അമീൻ തിരുത്തിയാട് എന്നിവർ പങ്കെടുത്തു.

ഗേൾസ് ഗാതറിംഗിൽ ഹാനിയ റുഷ്ദ, ഫിദ ഫാത്തിമ, ഹന ഫാത്തിമ എന്നിവർ സംസാരിച്ചു.സമാപന സെഷനിൽ അൻസാർ നന്മണ്ട , ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവർ പ്രസംഗിച്ചു. എം.എസ്എം ജില്ല സെക്രട്ടറി ഷമൽ പൊക്കുന്ന് സമാപന ഭാഷണം നിർവ്വഹിച്ചു.

അത്തോളി മിയാമി കൺവൻഷൻ സെന്ററിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ സെഷനുകളിലായി പങ്കെടുത്തു.