തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കാനും മടിക്കില്ല: ചിരാഗ് പാസ്വാൻ

Analysis

(ജാതീയമായ സ്വതബോധത്താലും ആശയപരമായ അന്തഃഛിദ്രങ്ങളാലും ബീഹാറിലെ എൻഡിഎ സഖ്യം അഗ്നിപർവതത്തിനു മുകളിൽ)

തയ്യാറാക്കിയത് : ഭരത് കൈപ്പാറേടൻ

പാട്ന: മന്ത്രിസ്ഥാനത്തേക്കാൾ തനിക്കു വലുത് തൻ്റെ വിശ്വാസ പ്രമാണങ്ങളാണെന്ന കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ഇന്നലത്തെ അപ്രതീക്ഷിതമായ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരിൽ പലവിധത്തിലുള്ള അഭ്യൂഹങ്ങൾക്കു കാരണമാകുന്നു. നിതീഷിന്റെ പിൻഗാമിയായി സ്വയം അവരോധിക്കാനും ബീഹാറിന്റെ പിന്നോക്ക രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നുതന്നെ നമുക്ക് കരുതേണ്ടി വരും.

അന്തരിച്ച തന്റെ പിതാവ് രാം വിലാസ് പാസ്വാൻ കാണിച്ച മാതൃക പിന്തുടർന്ന്, തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിക്കുമെന്നായിരുന്നു ലോക്ജനശക്തി പാർട്ടി തലവൻ ചിരാഗിന്റെ പ്രസ്താവന.

പട്‌നയിൽ നടന്ന ഒരു പാർട്ടി പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. അതേസമയം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ദേശീയ ജനാധിപത്യ സഖ്യത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.

യോഗത്തിനു ശേഷം തൻ്റെ പ്രസംഗത്തിലെ നിഗൂഢമായ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, “തൻ്റെ പിതാവ് ചെയ്തതു പോലെ തൻ്റെ മന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ താനും മടിക്കില്ലെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ-യുടെ കാലത്തു തൻ്റെ പിതാവു ചെയ്തതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ചിരാഗ് അവകാശപ്പെട്ടു.

“എൻ്റെ പിതാവ് യുപിഎ സർക്കാരിലും മന്ത്രിയായിരുന്നു. ദലിതരുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന പലതും അന്ന് നടന്നു. പൊതുപരിപാടികളിൽ ബാബാ സാഹിബ് അംബേദ്കറുടെ ചിത്രങ്ങൾ പോലും വെച്ചിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത്.

2014-ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് എൻഡിഎ -യിൽ വീണ്ടും ചേരാൻ പിതാവ് രാംവിലാസ് പാസ്വാനെ പ്രേരിപ്പിക്കുന്നതിൽ ചിരാഗ് നിർണായക പങ്ക് വഹിച്ചിരുന്നു.

ദലിത് പ്രശ്‌നങ്ങളിൽ തൻറെ ആശങ്കകളോട് നിലവിലെ സർക്കാർ പ്രതികരിക്കുന്നുണ്ടെന്നു പറഞ്ഞ പാസ്വാൻ മോദിയെ അഭിനന്ദിച്ചു. ക്രീമിലെയറിലെ കേന്ദ്രത്തിൻ്റെ നിലപാട് ദളിതർക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്യൂറോക്രസിയിലേക്കുള്ള ലാറ്ററൽ പ്രവേശനം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാറിനെ മുന്നോട്ടു നയിക്കാൻ നിതീഷ് കുമാറിന് മാനസികമായും ശാരീരികമായും ശക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ജനസൂരജ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് കിഷോർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ചിരാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ബീഹാറിലെ ബ്രാഹ്മണ രാഷ്ട്രീയത്തിൽ ഊന്നിനിന്നു വളർന്നുവരാൻ പഠിച്ചപണിയും പയറ്റുന്ന നേതാവാണ് പ്രശാന്ത് കിഷോർ. ബിജെപി ഉയർത്തുന്ന സവർണ്ണ പ്രതീക്ഷകളിൽ കണ്ണുനട്ടിരിക്കുന്ന പ്രശാന്ത് കിഷോർ കാവിപ്പാർട്ടിയുടെ മുഖ്യവ്യക്താവിനെപ്പോലെയാണ് കുറച്ചുകാലമായി പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്നത്.

ഒബിസി-ദളിത്-ന്യൂനപക്ഷ രാഷ്ട്രീയത്തിന് അന്ത്യമിട്ടാലേ ബീഹാറിൽ തങ്ങൾക്കു പ്രതീക്ഷക്കു വഴിയുള്ളു എന്ന് മറ്റാരേക്കാളും തിരിച്ചറിഞ്ഞിട്ടുള്ളത് ബിജെപി നേതൃത്വം തന്നെയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തൊൻപതു വർഷമായി ഇടവേളകളില്ലാതെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന നിതീഷ് കുമാറിനെ നിഷ്പക്ഷ വേഷം കെട്ടി ദുർബലപ്പെടുത്തുക എന്ന ദൗത്യമാണ് പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടി സമർത്ഥമായി നടപ്പിലാക്കുന്നത്.

ബ്രാഹ്മണ രാഷ്ട്രീയ തന്ത്രങ്ങളെ മറികടക്കാനും നിതീഷിന്റെ പിൻഗാമിയാര് എന്ന ചോദ്യത്തിന് അതു മറ്റാരുമല്ല താൻ തന്നെയാണ് എന്നുത്തരം നൽകാനുമുള്ള ബുദ്ധിപൂർവമായ കരുനീക്കമായിട്ടാണ് ചിരാഗ് നടത്തിയ ഇന്നലത്തെ പ്രസ്താവനയെ ഞാൻ വിലയിരുത്തുന്നത്.

ബീഹാർ രാഷ്ട്രീയത്തിൽ ബിജെപിക്ക് എന്നും തലവേദനയും കീറാമുട്ടിയുമാണ് JP യുടെ കാലം മുതൽ കർപ്പൂരി താക്കൂറും ലാലുവും പിന്നീട് നിതീഷും പയറ്റി വരുന്ന ഒബിസി-ദളിത്-ന്യൂനപക്ഷ കൂട്ടുകെട്ട് എന്ന തന്ത്രം. അതിന് അന്ത്യം കുറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് ബീഹാർ ജനതയുടെ ഭൂരിഭാഗവും എതിരാണ്.

ട്രോജൻ കുതിരകളെ ഇറക്കി ബ്രാഹ്മണ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുന്നതിനെതിരെ ബിജെപിക്കു ചിരാഗ് നൽകുന്ന ശക്തമായ സന്ദേശമാണ് ഇന്നലത്തെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രസ്താവന എന്ന് ബീഹാർ രാഷ്ട്രീയം വർഷങ്ങളായി നിരീക്ഷിക്കുന്ന ഒരു രാഷ്ട്രീയവിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയും.

അതുകൊണ്ടുതന്നെ, ആശയപരമായ അന്തഃഛിദ്രങ്ങളാൽ ബീഹാറിലെ എൻഡിഎ സഖ്യം ഒരു അഗ്നിപർവതത്തിനു മുകളിലാണ് എന്നു റിപ്പോർട്ട് ചെയ്യാൻ എനിക്ക് തെല്ലും മടിയുമില്ല.