ജപ്തി തടയൽ നിയമം തട്ടിപ്പ്: സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

Thiruvananthapuram

തിരുവനന്തപുരം: വൈപ്പിൻ മേഖലയിലെ കിടപ്പാട ജപ്തി നേരിടുന്ന ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് സാവകാശവും ഇളവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല ജപ്തി വിരുദ്ധ സമരം ആരംഭിച്ചു.

പള്ളത്താംകുളങ്ങര ബസ്സ് സ്റ്റോപ്പിന് സമീപം തയ്യാറാക്കിയിട്ടുള്ള സമര പന്തലിൽ 2024 ഒക്ടോബർ 2 ന് രാവിലെ 10 മണിക്ക് പ്രശസ്ത സ്ത്രീ, മനുഷ്യാവകാശ പ്രവർത്തകയായ അഡ്വ. കെ നന്ദിനി സമരം ഉദ്ഘാടനം ചെയ്തു. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അധ്യക്ഷത വഹിച്ചു .

വൈപ്പിൻ മേഖലയിൽ രണ്ടും, മൂന്നും സെന്റ് കിടപ്പാടമുള്ള ആയിരക്കണക്കിന് ദലിത്, ദരിദ്ര കുടുംബങ്ങളെ തെരുവിലേക്ക് തള്ളാൻ സഹകരണബാങ്കുകൾ തയ്യാറെടുക്കുമ്പോൾ ഇനി മേലിൽ ജപ്തി ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് സർക്കാർ പാസാക്കിയ ജപ്തി തടയൽ നിയമം നോക്കുകുത്തിയായി നില്പാണ്. ജപ്തി ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കയാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞെന്ന് സ. വി സി ജെന്നി പ്രസ്താവിച്ചു.

പി.കെ. വിജയൻ, പി. ജെ മനുവൽ, എ ടി ബൈജു, പ്രീത ഷാജി, ടി.കെ. രാജു, ടി പി പുഷ്കരൻ എന്നിവർ സംസാരിച്ചു. കിടപ്പാട ജപ്തി തടഞ്ഞു കൊണ്ടും, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, മൈക്രോ ഫൈനാൻസ് കമ്പനികളുടെ പലിശ കൊള്ള നിയന്ത്രിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തി കൊണ്ടുമുള്ള നിയമനിർമാണം അടിയന്തരമായി നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

വൈപ്പിൻകരയിലെ സാധാരണ ജനങ്ങളെ അവരുടെ മൂന്നും , അഞ്ചും സെൻറ് കിടപ്പാടങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള സഹകരണ സംഘങ്ങളുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോടെയുള്ള ജപ്തി നടപടി നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

ജപ്തി നടപടികൾ നേരിടുന്ന കുടുംബങ്ങൾക്ക് സമര പന്തലിൽ നേരിട്ടത്തിയോ 9946491847 എന്ന നമ്പറിൽ വിളിച്ചോ പരാതി ബോധിപ്പിക്കാവുന്നതാണ്.