തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റ്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് “ഇസ്‌ലാം: വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം” എന്ന തലക്കെട്ടിൽ ദക്ഷിണ കേരള സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം കണിയാപുരം പള്ളിനട എൻ. ഐ.സി.ഐ ഹാളിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സൈക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
വംശീയ വ്യവസ്ഥയുടെ മാലിന്യങ്ങളായ വെറുപ്പിന്റെയും വിദ്വഷത്തിന്റ്റെയും
അന്തരീക്ഷം കേരളത്തിൽ പടർത്തുമ്പോൾ വിമോചനത്തിന്റെ മഹത്തായ
ഇസ്‌ലാമികാദർശങ്ങളായ സ്നേഹവും സൗഹൃദവും സമഭാവനയും സാഹോദര്യവുമായാണ് ജി ഐ ഒ കേരളത്തിന്റ്റെ പൊതുമണ്ഡലത്തിൽ കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി സജീവമായി നിലകൊള്ളുന്നത് എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യവും അവകാശങ്ങളും അന്യമാക്കപ്പെട്ട ചരിത്ര- വർത്തമാനകാലഘട്ടങ്ങളിൽ ഇസ്‌ലാമിനെ വിട്ടുവീഴ്ചചെയ്യാതെ തിന്മക്കെതിരിൽ
ആർജ്ജവത്തോടെ നിലകൊള്ളുന്ന മുസ്‌ലിം വിദ്യാർത്ഥിനീ പ്രസ്ഥാനമാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ. വൈജ്ഞാനിക മേഖലയിലും സാമൂഹിക രാഷ്ട്രീയ പൊതുമേഖലകളലും അധിനിവേശ പോരാട്ടങ്ങളിലും ധീരമായി മുന്നേറിയതോടൊപ്പം
പൗരത്വ പ്രക്ഷോഭപോരാട്ടങ്ങളെ മുന്നിൽ നിന്ന്നയിച്ചും പ്രാപ്തി തെളിയിച്ചു കഴിഞ്ഞു.
ഇസ്‌ലാമിനെ ആർജ്ജവത്തോടെ പ്രതിനിധാനം ചെയ്യുന്ന, അഭിമാനത്തോടെ ഏറ്റെടുത്ത സവിശേഷ പ്രസ്ഥാനത്തിന്റെ അടയാളപ്പെടുത്തലായി മാറും ദക്ഷിണമേഖലാ സമ്മേളനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ദക്ഷിണ കേരള സമ്മേളന പ്രഖ്യാപനവും ലോഗോ
പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. നവംബർ 24 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജി ഐ ഒ ദക്ഷിണ കേരള സമ്മേളനം നടക്കും.
ജി ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി സക്കീർ നേമം, വനിതാ വിഭാഗം ജില്ല പ്രസിഡന്റ്റ് ഡോ. സി.എം. നസീമബി എന്നിവർ ആശംസപ്രഭാഷണം നടത്തി. ജി ഐ ഒ സംസ്ഥാന സമിതിയംഗം നിഷാത്ത്എം.എസ് സ്വാഗതവും ജി ഐ ഒ ജില്ല പ്രസിഡന്റ്റ് നാസിഹ എൻ നന്ദിയും പറഞ്ഞു. സുലേഖ എച്ച് ഖിറാഅത്ത് നടത്തി.