കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം.
കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് കളവ് നടന്നത്. 26 പവന്‍ സ്വർണം നഷ്ടപ്പെട്ടതായാണ് പരാതി. ഭാര്യ സരസ്വതി നല്കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടങ്ങി.
സപ്തംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. ഈ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
മൂന്ന് മാലകള്‍, ഒരു പവന്‍ തൂക്കം വരുന്ന വള, രണ്ട് ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മല്‍, രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്.
വീട്ടില്‍ തിരിച്ചെത്തി അലമാര പരിശോധിപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് മനസ്സിലായത്. സ്വര്‍ണം ബാങ്ക് ലോക്കറിലാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍, പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പരാതി നല്കിയത്.
അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് പോലീ സിൻ്റെ പ്രാഥമിക നിഗമനം.