എ പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് 2024, മേഖലാ തല മത്സരങ്ങൾ പ്രഖ്യാപിച്ചു

Kozhikode

കോഴിക്കോട് :വിശുദ്ധ ഖുർആൻ പഠന പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ ആരംഭിക്കുന്ന എ പി അസ് ലം ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളുടെ സമയക്രമങ്ങൾ പ്രഖ്യാപിച്ചു.

ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന മേഖലാ തല മത്സരങ്ങൾ നവംബർ രണ്ടു മുതൽ ആരംഭിക്കും. കണ്ണൂർ,മലപ്പുറം, എറണാകുളം,കൊല്ലം എന്നിങ്ങനെ കേരളത്തിൽ നാല് മേഖലകളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

നവംബർ 2,3 തിയ്യതികളിൽ മലപ്പുറം മേഖലാതല മത്സരം മഞ്ചേരി അൽ ജാമിഅഃ നജ്മുൽ ഹുദ അൽ ഇസ്ലാമിയ്യയിലും കണ്ണൂർ മേഖലാ മത്സരം അഞ്ചിന് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റോയൽ ഒമർസ് ഹോട്ടലിലും നടക്കും. കൊല്ലം മേഖലാ മത്സരം ആറിന് ഓച്ചിറ ദാറുൽ ഉലൂമിലും എറണാകുളം മേഖലാതല മത്സരം ഏഴിന് പുല്ലേപ്പടി ദാറുൽ ഉലൂം അറബിക് കോളേജിലും നടക്കും..കേരളത്തിന്‌ പുറമെ വിദേശത്തും
മത്സരം നടക്കുന്നുണ്ട്.രാവിലെ 6:30ന് മത്സരാർത്ഥികൾ സ്ഥലത്തെത്തി നിർദ്ദിഷ്ട രേഖകൾ ഹാജരാക്കി റിപ്പോർട്ട് ചെയ്യണം.

ഓരോ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർ വീതമായിരിക്കും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക. ഡിസംബർ 24 ന് മലപ്പുറം ജില്ലയിലെ വളവന്നൂർ ആസ്ഥാനമായ ദാറുൽ അൻസാറിൽ വെച്ചാണ് ഫൈനൽ മത്സരം. ഫൈനലിനോടനുബന്ധിച്ച് വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഖുർആൻ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

ഖുർആൻ പ്രചാരണത്തിന് വേണ്ടിയും സാമൂഹിക ക്ഷേമത്തിന് വേണ്ടിയും പരമാവധി പരിശ്രമിച്ചിരുന്ന പരേതനായ എ പി അസ്‌ലമിന്റെ ഓർമകൾ നിലനിർത്തുകയും പുതു തലമുറക്ക് പകർന്നു നൽകുകയും ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പേരിൽ 20 ലക്ഷം രൂപയുടെ സമ്മാനത്തുക നൽകിക്കൊണ്ട് ഇത്തരത്തിലൊരു മത്സരം വർഷംതോറും സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി ചെയർമാൻ എ പി അബ്ദുസ്സമദ് കൺവീനർ എം എം അക്ബർ എന്നിവർ അറിയിച്ചു.

കേരളത്തിലെ വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികളും നേതാക്കളും ഉൾപ്പെടുന്ന സംഘാടകസമിതി മത്സര നടത്തിപ്പിനായി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.