ശ്രീ രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ “സംഗീത രത്നാകരം” പുരസ്കാരം ഗായിക ബി.അരുന്ധതിക്ക്

Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള പ്രതി ഭാധനന്മാരായ സംഗീതജ്ഞർക്ക് ശ്രീ രത്നാകരൻ ഭാഗവതർ സംഗീതസഭ നൽകുന്ന “സംഗീതരത്നാകരം” പുരസ്ക്കാരം ഗായിക ഡോ. ബി. അരുന്ധതിക്ക് സമ്മാനിക്കും. കർണ്ണാടക സംഗീതം, ലളിതഗാനം, സിനിമ പിന്നണിഗാനം എന്നീ ശാഖകൾക്ക് നൽകിയ സമഗ്ര സംഭാവനകളും, പ്രാഗത്ഭ്യവുമാണ് അരുന്ധതിയെ സംഗീത രത്നാകരം പുരസ്ക്കാരത്തിന് അർഹയാക്കിയത്.

കർണ്ണാടക സംഗീത ശാഖയിൽ പ്രവർത്തിച്ചു തനതായ കഴിവുകൾ കച്ചേരികളിലൂടെയും മറ്റ് സംഗീത വിഭാഗത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുന്ന യുവസംഗീതജ്ഞർക്ക് നൽകുന്നതാണ് “സംഗീതരത്നാകരം യുവപ്രതിഭ അവാർഡ്”.

സംഗീതരത്നാകരം യുവപ്രതിഭ പുരസ്ക്കാരം ഹൃദയേഷ് ആർ. കൃഷ്ണൻ,
ഡി.ആർ.ഭരത്കൃഷ്ണ, ആൻബെൻസൻ എന്നീ മൂന്നു യുവ പ്രതിഭകൾക്ക്
സമ്മാനിക്കും. ഈ മൂന്ന് യുവ പ്രതിഭകളും ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീത രംഗത്തു തനതായ സംഭാവനകൾ നൽകി വളർന്നുവരുന്നവരാണ്.

റിയാലിറ്റി ഷോയിൽ സ്വരമാധുരി തെളിയിച്ച് ഫ്ളാറ്റ് കരസ്ഥമാക്കിയ ഹൃദയേഷ് ആർ കൃഷ്ണൻ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. സ്വന്തമായി കച്ചേരികൾ അവതരിപ്പിക്കുന്ന കലാകാരനുമാണ്. ഭരത് കൃഷ്ണ.ഡി.ആർ സംഗീത കോളേജിലെ എം.എ മ്യൂസിക് വിദ്യാർത്ഥിയാണ്. വേദികളിൽ ധാരാളം കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്.

കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ
ആൻബെൻസൻ റിയാലിറ്റി ഷോകളിലും മറ്റ് സംഗീത മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചു വളർന്ന സംഗീത പ്രതിഭയാണ്.

സംഗീതജ്ഞൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ജൂറി ചെയർമാനായ കമ്മറ്റിയിൽ ഡോ.വാഴമുട്ടം ചന്ദ്രബാബു, പത്മ അനിൽ, സുകു പാൽക്കുളങ്ങര,
മോഹനൻ പേരൂർക്കട, ജയചന്ദ്രൻ എന്നിവരും അംഗങ്ങളാണ്.

ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതരംഗത്തെ ആചാര്യനായിരുന്നു ശ്രീ രത്നാകരൻ ഭാഗവതർ. അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ പേരിൽ ഈ സംഗീത സഭയ്ക്ക് രൂപം നൽകിയത്. ഇന്ന് ശ്രീ രത്നാകരൻ ഭാഗവതർ നമുക്കൊപ്പമില്ല. ഈ ലോകത്തോടു അദ്ദേഹം വിടപറഞ്ഞു. ആ .

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് രത്നാകരൻ ഭാഗവതർ ജനിച്ചത്. ജ്യേഷ്ഠനിൽ നിന്നും സംഗീതം അഭ്യസിച്ച അദ്ദേഹം പതിനാറാം വയസ്സ് മുതൽ പൊതുവേദികളിൽ സംഗീത കച്ചേരികൾ ആലപിച്ചു തുടങ്ങി.

ആകാശവാണിയിൽ സംഗീതവിഭാഗത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റായ അദ്ദേഹം
കേന്ദ്ര സർക്കാരിന്റെ “എ ഹൈ ഗ്രേഡ്” ലഭിച്ച സംഗീതഞ്ജൻ കൂടിയാണ്.

തിരുവനന്തപുരം ആകാശവാണി നിലയത്തിനു വേണ്ടി ആയിരത്തിലേറെ ലളിതഗാനങ്ങൾക്ക് സംഗീതം നൽകിയ രത്നാകരൻ ഭാഗവതർ ആയിരുന്നു, ആദ്യമായി ആകാശവാണിയിലൂടെ ലളിത സംഗീത പാഠങ്ങൾ പഠിപ്പിച്ചു സംഗീതത്തെ ജനകീയമാക്കുന്നതിന് തുടക്കമിട്ടത്.

മഹാനായ ഈ ക്ലാസ്സിക്കൽ സംഗീതജ്ഞന്റെ ദീപ്തമായ സ്മരണ നിലനിർത്തുന്നതിന് വേണ്ടി നിലകൊള്ളുന്നത് ശ്രീരത്നാകരൻ ഭാഗവതർ സംഗീതസഭയുടെ അമരത്ത്
സുകു പാൽക്കുളങ്ങര (സംഗീതസഭ പ്രസിഡൻ്റ്), മോഹനൻ പേരൂർക്കട (സെക്രട്ടറി), ജയചന്ദ്രൻ (ട്രഷറർ) എന്നിവരാണ്. നവംബർ ആദ്യവാരം സംഗീത സഭ പുരസ്കാരം വിതരണം ചെയ്യും.