പെരിക്കല്ലൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

Wayanad

പെരിക്കല്ലൂർ: ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിൽ വിദ്യാർത്ഥികളുടെ താൽപര്യം വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പെരിക്കല്ലൂർ ജി.എച്ച് എസ് എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഒൻപതാം തരം കുട്ടികൾക്കായി സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ഷാജി കെ ജി നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ ജൂബി ജോയി , കൈറ്റ് മിസ്ട്രസ് സിജ എൽദോസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺടൂൺ സ് ഉപയോഗിച്ചുള്ള ആനിമേഷൻ നിർമാണം സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ഗെയിം നിർമാണം ഇവ പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കൈറ്റ് സംഘടിപ്പിക്കുന്ന സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

കൈറ്റ് മിസ്ട്രസ് ഷിനോ എ പി , യൂണിറ്റ് ലീഡർ എഡ്വിൻ ടോം എന്നിവർ പ്രസംഗിച്ചു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ് , റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമാണം ,ഡിറ്റിപി, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്