സെര്‍വോ മീഡിയ കപ്പ് കിരീടം എറണാകുളം പ്രസ് ക്ലബിന്

Eranakulam

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച സെര്‍വോ മീഡിയ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം പ്രസ് ക്ലബ് ടീം ജേതാക്കളായി. ഫാക്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഐ.ഒ.സി ടീമിനെ 84 റണ്‍സിന് തോല്പിച്ചാണ് പ്രസ് ക്ലബ് കിരീടം നേടിയത്. ആദ്യം ബാറ്റുചെയ്ത പ്രസ് ക്ലബ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഐഒസി ടീം 18.4 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ടായി. പ്രസ് ക്ലബ് ടീമിനായി 71 റണ്‍സെടുത്ത രഞ്ജു മത്തായിയാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ വെട്രി സെല്‍വകുമാറില്‍ നിന്ന് പ്രസ് ക്ലബ് ടീം ക്യാപ്റ്റന്‍ ജിതേഷ് ടി.ആര്‍ ട്രോഫി ഏറ്റുവാങ്ങി. ഐഒസി ജനറല്‍ മാനേജര്‍ വിദ്യാശേഖര്‍, ഡി.ജി.എം ഇന്‍ചാര്‍ജ് എച്ച്.ആര്‍ ആര്‍. ബിന്ദു, ഡി.ജി.എം എച്ച്ആര്‍ ജസീല്‍ ഇസ്മയില്‍, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ രാജശേഖര്‍, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ വി. സജീവ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ടോമി മാത്യു, പ്രകാശ് എളമക്കര, എം.ജി ലിജോ, പി.ഒ ജിഷ, സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ അരുക്കുറ്റി, റിതികേഷ്, ജിപ്‌സണ്‍ സിക്കേര എന്നിവര്‍ നേതൃത്വം നല്‍കി.