യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ അഴിമതി ആരോപണം; കണ്ണൂര്‍ എ ഡി എം ജീവനൊടുക്കിയ നിലയില്‍

Kerala

കണ്ണൂര്‍: യാത്രയയപ്പിനിടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആഴിമതി ആരോപണം നടത്തിയ കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനില്‍ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഇന്നലെയായിരുന്നു എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ്. ഈ യോഗത്തിലാണ് എ ഡി എമ്മിനതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതില്‍ മനംനൊന്താണ് എ ഡി എം ജീവനൊടുക്കിയതെന്നാണ് വിവരം. താന്‍ ശുപാര്‍ശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാര്‍ശയില്‍ നടന്നതിലെ എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണത്തിലൂടെ പ്രകടമാക്കിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ ഡി എമ്മിന്റെ നടപടിയിലാണ് പി പി ദിവ്യ വിമര്‍ശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുന്‍പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ രണ്ട് ദിവസത്തിനുള്ളില്‍ ഇതിലെ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി പി ദിവ്യയുടെ പ്രസംഗം.