ഭക്ഷണ കൂടയുടെ വൈവിധ്യം കുറയുന്നു; ലോക ഭക്ഷ്യ ദിനം ആചരിച്ചു

Wayanad

കല്‍പ്പറ്റ: പ്രാദേശിക ഭക്ഷണ വൈവിധ്യവും ഭക്ഷണം ഉണ്ടാക്കുന്ന രീതികളും ഭക്ഷണ അറിവുകളും നഷ്ടപ്പെടുന്നത് സുസ്ഥിര ആരോഗ്യത്തിന് ഭീഷണി ആണെന്ന് ഡോ ഷക്കീല പറഞ്ഞു. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം അംഗനവാടി ടീച്ചര്‍മാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

പട്ടിണി മാറ്റാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിലും പോഷക സുരക്ഷ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് ഡോ ഷക്കീല കൂട്ടിച്ചേര്‍ത്തു. സമീകൃതമായ ആഹാരത്തിലൂടെ മാത്രമേ പല രോഗങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കൂ എന്ന് ഡോ. വിപിന്‍ ദാസ് അഭിപ്രായപ്പെട്ടു. ജീവിത ശൈലീരോഗങ്ങളില്‍ പലതും കേരളത്തില്‍ കൂടുതല്‍ ആകുന്നതിന്റെ കാരണം തെറ്റായ ഭക്ഷണ ക്രമവും വൈവിധ്യത്തിലെ ശോഷണവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പരമ്പരാഗത ഭക്ഷണ രീതികളെ ശാസ്ത്രീയമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യം ശ്രീ ജോസഫ് ജോണ്‍ എടുത്തു പറഞ്ഞു.

കല്‍പ്പറ്റ ബ്ലോക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്നും അങ്കണവാടികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവരുടസ്‌കൂളില്‍ ഉണ്ടാക്കിയ വിവിധ പച്ചക്കറി വൈവിധ്യവുമായി പരിപാടിയില്‍ പങ്കെടുത്തു. വിവിധയിനം ഇലക്കറികള്‍ കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ തോരനും, അവിയലും, തുടങ്ങി നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുകയും അവ ഉണ്ടാക്കുന്ന രീതികള്‍ പഠിപ്പിക്കുകയും ചെയ്തു. എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ ഷക്കീല പരിപാടി ഉല്‍ഘാടനം ചെയ്തു. അര്‍ച്ചന ഭട്ട് പദ്ധതി വിശദീകരിക്കുകയും, ഡോ സാബു വിഷയം അവതരിപ്പിക്കുകയും ചെയ്തു. ശ്രീ ബാലന്‍ ആശംസ പറയുകയും ശ്രീ. സുജിത് നന്ദി പറയുകയും ചെയ്തു.