‘ഈ നടത്തം’ ആപത്തിലേക്ക്; സംഘ്പരിവാര്‍ അനുകൂല നിലപാടിനെ ചൊല്ലി കെ എന്‍ എമ്മില്‍ കലഹം

Kerala

കോഴിക്കോട്: സംഘ്പരിവാര്‍ അനുകൂല നിലപാടിനെ ചൊല്ലി കെ എന്‍ എമ്മില്‍ വിവാദം കൊഴുക്കുന്നു. കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ബി ജെ പി പ്രതിനിധിയെ പങ്കെടുപ്പിച്ചത് മുതല്‍ തുടങ്ങിയ ചില മുറുമുറുപ്പുകളാണ് പെരുന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയ ആര്‍ എസ് എസ് നേതാക്കളില്‍ നിന്നും മിഠായി സ്വീകരിച്ചതോടെ പുറത്തേക്കും വ്യാപിക്കാന്‍ തുടങ്ങിയത്.

ക്രിസ്തീയ സംഘടനകളില്‍ ഒരു വിഭാഗം ആര്‍ എസ് എസ് അനുകൂല നിലപാടിലാണിപ്പോള്‍. നേരത്തെ മുതല്‍ കാന്തപുരം വിഭാഗത്തിന് ആര്‍ എസ് അനുകൂല നിലപാടുണ്ട്. ഇക്കാര്യം അവര്‍ നിഷേധിക്കുമെങ്കിലും പലകാര്യങ്ങളിലും അവരുടെ ആര്‍ എസ് എസ് ബി ജെ പി അനുകൂല നിലപാട് പരസ്യവുമാണ്. കേന്ദ്രത്തില്‍ ആര്‍ എസ് എസ് ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ സി പി എം അനുകൂല നിലപാടാണ് അവര്‍ കൈക്കൊള്ളാറ്. ഇതുപോലൊരു സമീപനം കെ എന്‍ എമ്മിലും ഉണ്ടാകുന്നുണ്ടോ എന്ന തോന്നലില്‍ നിന്നാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ഈ നടത്തം ആപത്തിലേക്ക് എന്ന ക്യാപ്ഷനില്‍ കെ എന്‍ എം കണ്ണൂര്‍ ജില്ലാ ഭാരവാഹി ഇസ്ഹാഖ് അലി കല്ലിക്കണ്ടിയുടെ പേരിലാണ് വാട്‌സാപ്പില്‍ കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായിരിക്കുകയാണ്. ഇസ്ഹാഖ് അലി കല്ലിക്കണ്ടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം.

“അവജ്ഞയോടെ കേരളീയ സമൂഹം തള്ളിക്കളഞ്ഞിരുന്ന സംഘ് പരിവാര്‍ ശക്തികളുടെ പുതിയ നയമാണ് ഇതര മതനേതാക്കളെ പലരൂപേണ സ്വാധീനിക്കുക എന്നത്. അത്തരം സംഭവങ്ങളാണ് അടുത്ത കാലത്തായി കേരളത്തില്‍ നടന്നുവരുന്നത്. പ്രധാനമായും ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്‍മാര്‍ അവരുടെ വരുതിയില്‍ ആയിക്കഴിഞ്ഞു. സമസ്തയിലെ എ പി വിഭാഗമാണെങ്കില്‍ നേരത്തെതന്നെ അവരുമായി ബന്ധം സ്ഥാപിച്ചവരുമാണ്. തന്ത്രങ്ങള്‍ മെനഞ്ഞ് ഇതര സമുദായങ്ങളെ ഞെക്കിക്കൊല്ലാനുള്ള സംഘ് ഗൂഡാലോചന തിരിച്ചറിയാതെ പോകുന്നത് ഭാവിയില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുമെന്നത് ഉറപ്പാണ്. മതേതര, ജനാധിപത്യ ബോധമുള്ള കേരളീയ സമൂഹത്തില്‍ ചെലവാകാതെ കിടക്കുകയായിരുന്ന തീവ്രഹിന്ദുത്വ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേരിട്ട് നേതൃത്വം നല്‍കുമ്പോള്‍ അവരുടെ പ്രലോഭനങ്ങളില്‍ പലരും കുടുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഈസ്റ്ററിനും ഈദുല്‍ ഫിത്‌റിനും അവര്‍ കൊണ്ടു പിടിച്ച് മതനേതാക്കളെ മധുരിപ്പിച്ചു. പക്ഷേ, ചാണക മിഠായികള്‍ എത്ര നല്ല കവറില്‍ പൊതിഞ്ഞു നല്‍കിയാലും അത് ചാണകമല്ലാതാവുന്നില്ല. ആതിരിച്ചറിവ് എല്ലാ മത നേതാക്കള്‍ക്കുമുണ്ടാകുന്നത് നല്ലതാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ പോലെ കേരളത്തെയും കാവിയണിയിക്കാനുള്ള ആധുനിക ഗോഡ്‌സേമാരുടെ ശ്രമങ്ങള്‍ക്ക് മാനസികമായി ചെറിയ പിന്തുണ നല്‍കുന്നത് പോലും ആയിരം ഗാന്ധിവധങ്ങള്‍ക്ക് തുല്യമായിരിക്കും. കേരളത്തില്‍ യു ഡി എഫ്, എല്‍ ഡി എഫ് സംവിധാനങ്ങളാണ് പരിവാര്‍ ശക്തികളെ രാഷ്ട്രീയമായി തടഞ്ഞു നിര്‍ത്തുന്നത്. അത് തകര്‍ന്നാല്‍ മറ്റൊരു യു പി ഇവിടെയും പ്രതീക്ഷിക്കാം. സംഘികളോട് ഒരു മമതയുംബന്ധങ്ങളും വേണ്ടതില്ല. കാര്യം നേടിയാല്‍ വെറും ചണ്ടിപോലെ ന്യൂനപക്ഷങ്ങളെ അവര്‍ വലിച്ചെറിയും. ക്രിസ്ത്യന്‍ പാതിരിമാരും മുസ്‌ലിം മൌലാനമാരും ഇത് ചിന്തിക്കുന്നത് നല്ലതാണ്. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലുംഅവരുടെ നുഖത്തിനുള്ളിലെ കാളകളാകരുത്. മോഡി സ്തുതിക്ക് മാത്രം മുസ്‌ലിംകള്‍ക്കെന്താണിവിടെ ലഭിച്ചിട്ടുള്ളത്. അവരുടെ സമ്മാനം സ്വീകരിക്കാന്‍ മാത്രം എന്ത് അജണ്ടയാണ് അവര്‍ മാറ്റിയിട്ടുള്ളത്. ഇന്ന് ഇതേപോലെ ഇന്ത്യ പോയെന്ന് വരാം. നാളെ ഒരിക്കലും അങ്ങനെയായിരിക്കണമെന്നില്ല”. ഇസ്ഹാഖ് അലി കല്ലിക്കണ്ടി. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.