കരളിന്റെ ആരോഗ്യത്തിനെ ദോഷകരമായി ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം ബാധിക്കുന്നുണ്ടെന്ന് പഠനം. ഫാസ്റ്റ് ഫുഡുകള്‍ കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുന്നതായാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയവരുടെ പക്ഷം. ഫാസ്റ്റ് ഫുഡില്‍ നിന്ന് ദിവസേനയുള്ള കലോറിയുടെ 20 ശതമാനം അല്ലങ്കില്‍ അതില്‍ കൂടുതല്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും കലോറിയും പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോഷകങ്ങളും നാരുകളും ഇതില്‍ കുറവുമാണ്. വല്ലപ്പോഴുമൊക്കെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നതില്‍ കുഴപ്പമില്ലെങ്കിലും സ്ഥിരമായി ഇവയുടെ ഉപയോഗം കരളിന് പണിതരുമെന്ന് ഉറപ്പാണ്.
അമേരിക്കയില്‍ 2017-18 വര്‍ഷത്തില്‍ നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വെയിലെ വിവരങ്ങള്‍ പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഈ കണ്ടെത്തല്‍. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ള ആളുകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍, കരള്‍ അര്‍ബുദം എന്നിവ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.