കാച്ചില്‍ കിഴങ്ങിനെ നിസ്സാരക്കാരനായി കാണേണ്ട. മനുഷ്യ ശരീരത്തില്‍ ആവശ്യമായ രോഗപ്രതിരോധ ശേഷിയും പോഷകങ്ങളും നല്‍കുന്നതില്‍ ഒട്ടും പിന്നിലല്ല കാച്ചിലെന്നതാണ് സത്യം. ക്യാന്‍സറിനെയും പ്രമേഹത്തെയും നിയന്ത്രിക്കാനുള്ള കഴിവ് കാച്ചിലില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കാച്ചില്‍, കാവത്ത് തുടങ്ങി പലയിടങ്ങളില്‍ പലപേരുകളിലാണ് ഈ കിഴങ്ങ് അറിയപ്പെടുന്നത്. മഞ്ഞ, വെള്ള, ക്രീം, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള കാച്ചിലുകളാണ് സാധാരണയായി കൃഷി ചെയ്തുവരുന്നത്. കൂടാതെ ഗന്ധകശാല അരിയുടെ സുഗന്ധമുള്ള ഗന്ധകശാല കാച്ചിലും കൃഷിചെയ്തുവരുന്നുണ്ട്.
വൈറ്റമിന്‍ സി, പൊട്ടാസ്യം, അന്നജം എന്നിവയുടെ കലവറയാണ് കാച്ചില്‍. ഒരു കപ്പ് വേവിച്ച കാച്ചിലില്‍ 140 കാലറി അടങ്ങിയിട്ടുണ്ട്. ഒപ്പം അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, സോഡിയം, പൊട്ടാസ്യം, അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ശക്തിയേറിയ സസ്യ സംയുക്തങ്ങളും, ആന്റി ഓക്‌സിഡന്റുകളുമുണ്ട്. രക്തസമ്മര്‍ദ്ദവും ഇന്‍ഫ്‌ളമേഷനും കുറയ്ക്കുന്നതിനും കാച്ചില്‍ കഴിക്കുന്നതിലൂടെ സാധിക്കും.
ഓക്‌സീകരണ സമ്മര്‍ദവും ഇന്‍സുലിന്‍ പ്രതിരോധവും കുറയ്ക്കാന്‍ കാച്ചില്‍ സത്ത് സഹായിക്കും. ടൈപ്പ് 2 പ്രമേഹരോഗമുള്ളവരിലെ വിശപ്പു കുറയ്ക്കാനും അതുവഴി അമിത ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാച്ചിലിന് കഴിവുണ്ട്. ഇത് റസിസ്റ്റന്റ് സ്റ്റാര്‍ച്ചിന്റെ ഉറവിടം ആയതിനാല്‍ ഉദര രോഗത്തിന് ശമനം ലഭിക്കാന്‍ സഹായിക്കും. ആസ്മ ഉള്ളവര്‍ക്കും ഇത് അത്യുത്തമമായ ഒരു ഔഷധമാണ്.