തിരുവനന്തപുരം: വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി തൃപ്പാദങ്ങളുടെ നൂറാമത് ജന്മദിനം രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ സ്വാമികളുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയുമായ ശ്രീമദ് സംയമീന്ദ്രതീർത്ഥ സ്വാമികൾ തുടക്കം കുറിച്ചു.
സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര 2024 ജൂലൈ മാസം ഏഴാം തീയതി ഹരിദ്വാറിൽ നിന്നും തുടക്കം കുറിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് 2024 നവംബർ എട്ടാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6മണിക്ക് തിരുവനന്തപുരം സമാജമന്ദിരമായ ശ്രീ നരസിംഹ വിലാസത്തിൽ എത്തി ചേരുന്നതുമാണ് . സെക്രട്ടറിയറ്റിന്റെ ആസാദ് ഗേറ്റിൽ, എം ജി റോഡിൽ നിന്നും സഭാ മന്ദിരത്തിലേക്ക് വാദ്യ, വേദഘോഷങ്ങളുടെ അകമ്പടിയോടെ രഥം ആനയിച്ച് ഭക്തിനിർഭരമായ പ്രാർത്ഥനാ പരിപാടികളോടെ സ്വീകരണം നൽകുന്നു.
നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടുമണി വരെ വിശുദ്ധപാദുകങ്ങൾ ഇവിടെ സൂക്ഷിക്കുന്നതും തുടർന്ന് കൊല്ലത്തേക്ക് യാത്ര തിരിക്കുന്നതുമാണ്.
പാദുക രഥ ഘോഷയാത്രയ്ക്ക് ആബാലവൃദ്ധം ജനങ്ങൾ സുധീന്ദ്ര സ്തുതി ചൊല്ലി പൂർണ്ണ കുംഭം നൽകി സ്വീകരണം നൽകി ഭജനകളും പാദ പൂജകളും ചെയ്തു സ്വാമിസാനിധ്യത്തിൽ നടക്കുന്ന പോലെ ചടങ്ങുകൾ നടത്തപ്പെടുന്നു.
1926-ൽ ഭൂജാതനായ ശ്രീ സ്വാമികൾ 1944-ൽ സന്യാസ ദീക്ഷ സ്വീകരിച്ച് 1949 മുതൽ സമാധി ആകുന്നത് വരെയുള്ള ഏഴ് പതിറ്റാണ്ടുകൾ വിശ്വാസികളുടെയും ശിഷ്യ സമ്പത്തിന്റെയും ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും സനാതന ധർമപ്രചാരണം ഒരു തപസ്യയായി നടത്തുകയും ഏറെ തവണ തിരുവനന്തപുരത്ത് സന്ദർശനം നടത്തി ശിഷ്യ ജനങ്ങളെ ആശിർവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുള്ള സംപൂജ്യ വ്യക്തിത്വമാണ്.
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് ഫലവൃക്ഷതൈകൾ ഭാരതമെമ്പാടും ഉള്ള വിശ്വാസികൾ നട്ടുവളർത്തിയും ഓരോ വീടുകളിലും മന്ദിരങ്ങളിലും ഭജനകൾ സംഘടിപ്പിച്ചും സുധീന്ദ്ര സ്മരണയും ഭജനയും നടന്നുവരുന്നു. അത് 2026 വരെ തുടരേണ്ടതുണ്ട് !!
2024 നവംബർ എട്ടാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ പാദുക രഥയാത്രക്ക് സ്വീകരണം നൽകും.