Iffk 2024 സ്‌മൃതിദീപ പ്രയാണം നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതി ദീപ പ്രയാണം രാവിലെ 10ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ . ആൻസലൻ എം.എൽ.എ കെ ഉദ്ഘാടനം നിർവഹിച്ചു.
നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടൻ സന്തോഷ് കീഴാറ്റൂർ, വിനോദ് വൈശാഖി , നടൻ ജോബി, സോന നായർ , ജെ.സി.ഡാനിയലിൻ്റെ പുത്രൻ ഹാരിസ് ഡാനിയൽ, മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി സ്റ്റേഡിയം കോമ്പൗണ്ടിൽ നടന്ന സ്മൃതിദീപ യാത്രയുടെ ഉദ്ഘാടനം കാണാൻ ആയിരത്തോളം ചലച്ചിത്ര സ്നേഹികൾ എത്തിയിരുന്നു. വിനോദ് സെൻ സ്വാഗതം ആശംസിച്ചു.

ചലച്ചിത്ര പ്രതിഭകളായ ജെ സി ഡാനിയേൽ, പികെ റോസി, പ്രേംനസീർ, സത്യൻ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ മെറിലാൻഡ് സ്റ്റുഡിയോയിലും ആദരമർപ്പിച്ച് സ്മൃതി ദീപ പ്രയാണം വൈകിട്ട് ആറിന് മാനവീയം വീഥിയിൽ എത്തിച്ചേരും

വട്ടിയൂർക്കാവിൽ എത്തിച്ചേരുന്ന പ്രയാണം മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായിക പി കെ റോസിയുടെ കുടുംബവും പി കെ റോസി ഫൗണ്ടേഷൻ അംഗങ്ങളും ചേർന്ന് സ്‌മൃതി ദീപം സ്വീകരിക്കും.

തുടർന്ന് പാളയം എൽ എം എസ് കോമ്പൗണ്ടിൽ നടക്കുന്ന പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ സത്യന്റെ സാന്നിധ്യത്തിൽ ദീപം അടുത്ത അത് ലറ്റിന് കൈമാറും.

വൈകിട്ട് ആറിനു മാനവീയം വീഥിയിലെ മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ പ്രതിമയ്ക്കുമുന്നിൽ പ്രയാണം സമാപിക്കും. സമാപന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ , അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.