കൊല്ലം: മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ സംഭവത്തില്‍ രണ്ട് നഴ്‌സുമാരെ സസ്‌പെന്റ് ചെയ്തു. കുണ്ടറയില്‍ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സുമാരായ എസ് ഷീബ, ഡി ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
വിഷ്ണുപ്രസാദ് ശ്രീലക്ഷ്മി ദമ്പതികളുടെ രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് നടത്തിയത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ കുത്തിവെപ്പിനായി കൊണ്ടുപോയിരുന്നത്.
ഇവിടെ നിന്നും നഴ്‌സ് സിറിഞ്ചില്‍ മരുന്ന് നിറയ്ക്കാതെ കുത്തിവെക്കുന്നത് കണ്ട് കുഞ്ഞിന്റെ അമ്മ നഴ്‌സിനോട് ചോദിച്ചപ്പോള്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് വീണ്ടും ഇഞ്ചക്ഷന്‍ എടുക്കാന്‍ ശ്രമിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു.